തിരുവനന്തപുരം- കുടുംബശ്രീയെ മുൻനിർത്തി സംസ്ഥാന വൈദ്യുത ബോർഡിൽ വൻതോതിൽ പിൻവാതിൽ നിയമനം നടത്താനുള്ള നീക്കത്തിൽ നിന്ന് കെ.എസ്.ഇ.ബി പിൻമാറണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.
ഇതിനെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന വൈദ്യുതി ബോർഡിൽ 1500 ഡേറ്റാ എൻട്രി വർക്കർമാരേയും, 10000 ഹെൽപ്പർമാരേയും ചട്ടങ്ങളും, മാനദണ്ഡങ്ങളും മറികടന്ന് കുടുംബശ്രീമുഖേന, നിയമിക്കുന്നതായാണ് പുറത്തു വന്നിട്ടുള്ളത്. പബ്ലിക്ക് സർവ്വീസ് കമ്മീഷനെയും, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിനെയും മറികടന്ന് നടക്കുന്ന ഈ നിയമനങ്ങൾക്ക് പിന്നിൽ വൻ അഴിമതിയും, സ്വജനപക്ഷപാതവുമാണുള്ളത്. വൈദ്യുതി ബോർഡിന്റെ യാതൊരുവിധ അംഗീകാരമോ, അനുമതിയോ ഇല്ലാതെ, അംഗീകൃത തൊഴിലാളി യൂണിയനുകളോട് പോലും ആലോചിക്കാതെയാണ് ഈ നിയമനങ്ങൾ നടത്തുന്നത്.
സംസ്ഥാനത്തെ വിവിധ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ സിപിഎം പ്രവർത്തകരെ അനർഹമായി നിയമിക്കുന്നുവെന്ന് ആക്ഷേപവും, പരാതികളും ഇപ്പോൾ തന്നെ വ്യാപകമായി നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് കെ.എസ്.ഇ.ബിയിൽ അനധികൃത നിയമനനങ്ങൾക്കുള്ള നീക്കവും നടത്തുന്നത്. കുടുംബശ്രീപോലുള്ള സ്ഥാപനങ്ങളെ ഇതിനായി കരുവാക്കുന്നത് തികച്ചും ലജ്ജാകരമാണ്.
പിഎസ്സിയിലും, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും പേര് രജിസ്റ്റർ ചെയ്ത് വർഷങ്ങളായി നിയമനം കാത്തിരിക്കുന്ന അഭ്യസ്തവിദ്യരെ മറുന്നുകൊണ്ട് നടത്തുന്ന ഇത്തരം നീക്കങ്ങൾ സംസ്ഥാനത്ത് ഭാവിയിൽ ഗുരുതരമായ സാമൂഹ്യ പ്രത്യാഘാതങ്ങൾക്കും ഇടവരുത്തും. മാത്രമല്ല ഈ സ്ഥാപനങ്ങളുടെ നിലനിൽപ്പിനെപ്പോലും സർക്കാരിന്റെ ഇത്തരം നീക്കങ്ങൾ അപകടത്തിലാക്കും. ഈ സാഹചര്യത്തിൽ കുടുംബശ്രീയുടെ മറവിൽ കെ.എസ്.ഇ.ബിയിൽ ഇപ്പോൾ നടത്താൻ നിശ്ചയിച്ചിട്ടുള്ള കരാർ നിയമനങ്ങളിൽ നിന്ന് സർക്കാർ അടിയന്തിരമായി പിൻമാറണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.