തൃശൂർ - ജീവൻ ടി.വിയുടെ നടത്തിപ്പ് സംബന്ധിച്ച് നാഷണൽ കമ്പനി ലോ ബോർഡ് കൊച്ചി ബെഞ്ച് പുറപ്പെടുവിച്ച വിധി എൻ.സി.എൽ.എ.ടി ദൽഹി ബെഞ്ച് സ്റ്റേ ചെയ്‌തെന്ന ജീവൻ ടി.വി മാനേജുമെന്റിന്റെ വിശദീകരണം വസ്തുതാ വിരുദ്ധമെന്ന് തൃശൂർ അതിരൂപത. നാഷണൽ കമ്പനി ലോ ബോർഡ് കൊച്ചി ബെഞ്ചിന്റെ വിധി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മൂന്ന് ആഴ്ചയ്ക്കകം ബോർഡ് യോഗം വിളിച്ചു ചേർക്കണമെന്ന വിധിയിലെ ഈ നിർദേശം മാത്രം നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നാണ് നാഷണൽ കമ്പനി ലോ അപ്പലറ്റ് ട്രൈബ്യൂണൽ ദൽഹി ബെഞ്ച് ഉത്തരവിട്ടതെന്നും അതിരൂപത പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
2012 സെപ്റ്റംബർ 29 നു ശേഷമുള്ള എല്ലാ ബോർഡ് യോഗങ്ങളും തീരുമാനങ്ങളും പുതിയ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ നിയമനം ഉൾപ്പടെ എല്ലാം കൊച്ചി ബെഞ്ച് റദ്ദാക്കിയിട്ടുണ്ടെന്നും ബേബി മാത്യു സോമതീരത്തിനെതിരായ അന്വേഷണ ഉത്തരവിനും മാറ്റമില്ലെന്നും അതിരൂപത വ്യക്തമാക്കി.
ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ ജീവൻ ടിവിയുടെ ചെയർമാനാക്കിയും മാർ ജേക്കബ്ബ് തൂങ്കുഴിയെ ബോർഡ് അംഗമായി പുനസ്ഥാപിച്ചുമുള്ള കൊച്ചി ബെഞ്ചിന്റെ വിധി മേൽക്കോടതിയിൽ സ്റ്റേ ചെയ്തില്ല. നാഷണൽ കമ്പനി ലോ ബോർഡ് കൊച്ചി ബെഞ്ചിന്റെ ഉത്തരവ് പ്രകാരം ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ജേക്കബ്ബ് തൂങ്കുഴി, ദിനേഷ് നമ്പ്യാർ, എൻ.എസ്.ജോസ്, പി.ജെ.ആന്റണി എന്നിവർ മാത്രമാണ് ബോർഡ് അംഗങ്ങൾ. മറ്റുള്ളവർ ഇപ്പോൾ ബോർഡ് അംഗങ്ങൾ അല്ല.
കൊച്ചി ബെഞ്ചിന്റെ വിധി അപ്പീൽ കോടതി സ്റ്റേ ചെയ്‌തെന്ന ജീവൻ ടിവി പുറത്തിറക്കിയ വാർത്താ കുറിപ്പ് വസതുതാവിരുദ്ധവും എൻ.സി.എൽ.എ.ടി ഡൽഹി ബെഞ്ചിന്റെ വിധിയെ വളച്ചൊടിക്കുന്നതുമാണെന്ന് അതിരൂപത വക്താക്കൾ ആരോപിച്ചു. മേൽക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്ന ബേബി മാത്യു സോമതീരം ജീവൻ ടി.വി ടെലികാസ്റ്റിംഗ് കോർപ്പറേഷന്റെ ഡയറക്ടർ ബോർഡിലെ അംഗം പോലുമല്ലെന്നും ജീവൻ ടി.വിയ്ക്ക് ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ലൈസൻസ് ലഭിച്ചിരിക്കുന്നത് ജീവൻ ടെലികാസ്റ്റിംഗ് കോർപ്പറേഷനാണെന്നും പത്രക്കുറിപ്പിൽ പറയുന്നു.






