Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ ഓഹരി വിപണിയിൽ  വീണ്ടും കരടികൾക്ക് ആധിപത്യം


ഇന്ത്യൻ ഓഹരി വിപണിയിൽ വീണ്ടും കരടികൾ ആധിപത്യം ഉറപ്പിക്കാൻ ശ്രമം നടത്തി. രണ്ടാഴ്ചകളിലെ മുന്നേറ്റത്തിന് ശേഷം വാരാന്ത്യം പ്രമുഖ ഇൻഡക്‌സുകൾ ആടി ഉലഞ്ഞത് നിക്ഷേപകരുടെ ഞെഞ്ചിടിപ്പ് ഇരട്ടിപ്പിച്ചു. അതേ സമയം കഴിഞ്ഞ വാരങ്ങളിൽ ഇതേ കോളത്തിൽ മലയാളം ന്യൂസ് നൽകിയ ടാർജറ്റിനകത്താണ് ഇന്ത്യൻ മാർക്കറ്റ് സഞ്ചരിച്ചത്. കാളകൂട്ടങ്ങൾക്ക് ഉയർന്ന റേഞ്ചിൽ പ്രോഫിറ്റ് ബുക്കിംഗിന് അവസരം ലഭിച്ചതിനൊപ്പം കരടി വലയിൽ അകപ്പെടാതെ സുരക്ഷിത താവളങ്ങളിലേയ്ക്ക് നീങ്ങാനുമായി. പോയവാരം നിഫ്റ്റി സൂചിക 170 പോയന്റും ബോംബെ സെൻസെക്‌സ് 506 പോയന്റും നഷ്ടത്തിലാണ്. 
നിഫ്റ്റി ഓപ്പണിംഗിൽ തന്നെ 10,142 പോയന്റിൽ നിന്ന് 10,326 ലേയ്ക്ക് കുതിച്ചു. 
10,353 ൽ തടസ്സം നേരിടുമെന്ന് കഴിഞ്ഞ വാരം സൂചിപ്പിച്ചത് ശരിവെച്ച് ഓപ്പണിംഗ് ദിനത്തിൽ തന്നെ 10,328 പോയന്റിൽ എത്തിയപ്പോൾ തന്നെ വിപണിയുടെ കാലിടറി, തുടർന്ന് വെള്ളിയാഴ്ച നിഫ്റ്റി 9544 ലേയ്ക്ക് തകർന്നു. മുൻവാരം നൽകിയ രണ്ടാം സപ്പോർട്ടായ 9536 ന് എട്ട് പോയന്റ് അകലെ തകർച്ചയിൽ വിപണിക്ക് താങ്ങ് ലഭിച്ചു. വാരാന്ത്യം നിഫ്റ്റി 9972 പോയന്റിലാണ്.
ഈ വാരം ആദ്യ പ്രതിരോധം 10,352 ലുമാണ്. 200 ആഴ്ചകളിലെ ശരാശരിയും ഈ റേഞ്ചിലായതിനാൽ നിഫ്റ്റിക്ക് മുന്നിൽ വൻ മതിൽ ഉയരും. ഇത് തകർത്താൽ 10,500 റും 10,732 പോയന്റും ജൂൺ സീരീസ് അവസാനിക്കും മുമ്പേ  കൈപിടിയിൽ ഒതുങ്ങും. എന്നാൽ നിലവിലെ സ്ഥിതിയിൽ വിപണി തിരുത്തൽ പ്രവണത ആവർത്തിക്കാം. വിൽപന സമ്മർദമുണ്ടായാൽ 9568-9164 ൽ താങ്ങുണ്ട്. 
ബോംബെ സൂചിക 34,287 ൽനിന്ന് 34,928 പോയന്റ് വരെ ഉയർന്ന വേളയിൽ മുൻ നിര ഓഹരികളിൽ ഉടലെടുത്ത വിൽപന സമ്മർദത്തിൽ സൂചിക 32,348 ലേയ്ക്ക് താഴ്ന്നു. എന്നാൽ വെള്ളിയാഴ്ച ഇടപാടുകളുടെ രണ്ടാം പകുതിയിലെ തിരിച്ചു വരവ് നടത്തി സെൻസെക്‌സ് 33,781 ൽ ക്ലോസ് ചെയ്തു. ഈവാരം 32,443 ലെ താങ്ങ് നിലനിർത്തി 35,023 ലേയ്ക്ക് ഉയരാൻ ശ്രമം നടത്താം. ആദ്യ താങ്ങ് നഷ്ടപ്പെട്ടാൽ വിപണി 31,105 പോയന്റിലേയ്ക്ക് സാങ്കേതിക തിരുത്തൽ നടത്താം.  
മുൻ നിരയിലെ പത്തിൽ ഏഴ് കമ്പനികളുടെ വിപണി മൂല്യത്തിൽ പിന്നട്ടവാരം 78,127 കോടി രൂപയുടെ ഇടിവ്. എച്ച്.ഡി.എഫ്.സി ബാങ്ക്, ആർ.ഐ.എൽ, ടി.സി.എസ്, ഭാരതി എയർടെൽ, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐ.ടി.സി എന്നിവയ്ക്ക് തളർച്ച. വിദേശ ഫണ്ടുകൾ പോയവാരം 1649 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ജൂണിൽ ഇതു വരെ അവർ 22,840 കോടി രൂപ നിക്ഷേപിച്ചു. കഴിഞ്ഞ മാസം അവരുടെ നിക്ഷേപം 13,914 കോടി രൂപയാണ്. സമ്പദ്‌വ്യസ്ഥയ്ക്ക് ഉണർവ് പകരാൻ കേന്ദ്രബാങ്ക് നടത്തുന്ന നീക്കങ്ങൾ വിദേശ നിക്ഷേപകരെ ആകർഷിച്ചു. 
ജൂൺ ആദ്യവാരം അവസാനിക്കുമ്പോൾ ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരം 8.22 ബില്യൺ ഡോളർ ഉയർന്ന് 501.7 ബില്യൺ ഡോളറായി. രൂപയുടെ മൂല്യം 75.56 ൽ നിന്ന് 75.77 ലേയ്ക്ക് ദുർബലമായി. ഈവാരം രൂപ 76.36-74.45 റേഞ്ചിൽ നീങ്ങാം.
യു.എസ് ഫെഡറൽ റിസർവ് പലിശ ഏതാണ്ട് പൂജ്യത്തിൽ നിലനിർത്താൻ തീരുമാനിച്ചു. അമേരിക്കൻ സമ്പദ്‌വ്യസ്ഥയുടെ ചലനങ്ങൾ ഫെഡ് നിരീക്ഷിക്കുന്നുണ്ടെങ്കിലും കോവിഡ് സൃഷ്ടിച്ച ഭീഷണി അവരുടെ സാമ്പത്തിക മേഖലയെ പിരിമുറുക്കത്തിലാക്കി. 

 

Latest News