Sorry, you need to enable JavaScript to visit this website.
Saturday , April   17, 2021
Saturday , April   17, 2021

അത്യന്താപേക്ഷിതം എന്നൊന്നില്ല

എന്തു വേണം, എത്ര വേണം, എന്തു വേണ്ട എന്നു കണ്ടെത്തുന്നതാവും ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനം. ഒരിക്കൽ കണ്ടെത്തി കടന്നുപോകുകയല്ല, ഓരോ നിമിഷവും ഓരോരോ തീരുമാനം എടുക്കുകയാണ് നമ്മുടെ ഓരോരുത്തരുടെയും വിധി. എന്നിട്ട് 'ഒരു നിശ്ചയമില്ലയൊന്നിനും' എന്നു പഴി പറഞ്ഞിരിക്കുകയും ചെയ്യാം.
ധനശാസ്ത്രത്തിൽ ഏറ്റവും  പ്രാധാന്യമുള്ളതാണ് തീരുമാനം. സന്ദിഗ്ധ ഘട്ടങ്ങളിൽ ആർ, എന്ത് എങ്ങനെ തീരുമാനിക്കുമെന്നു നിരൂപണം ചെയ്തതിന് ഡാനിയൽ കാഹ്നേമൻ നൊബേൽ സമ്മാനം നേടി. പ്രമേയം വേറൊന്നാണെങ്കിലും ധനശാസ്ത്രത്തിൽ തന്നെ രണ്ട് ഇന്ത്യക്കാരും സമ്മാനിതരായിട്ടുണ്ട് അമർത്യാ സെന്നും അഭിജിത് ബാനർജിയും. അവർ ഇന്ത്യക്കാരായെന്നേയുള്ളൂ, ലാവണം വിദേശം തന്നെ.  


അടിസ്ഥാനപരമായ ധനശാസ്ത്ര പ്രശ്‌നത്തെ ഫിലോസഫിയുമായി അടുപ്പിച്ച അധ്യാപകനായിരുന്നു പ്രൊഫസർ ജെ.കെ. മേത്ത. അലഹബാദ് സർവകലാശാലയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന് നൊബേൽ പുർസ്‌കാരം കിട്ടിയില്ല.  അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ഉപദർശനങ്ങളും ധനശാസ്ത്ര ചിന്തകർ കാര്യമായി ചർച്ച ചെയ്‌തോ എന്നു പോലും സംശയം. 
മനുഷ്യാവസ്ഥയെ നിർവചിക്കുന്ന മൂന്നു കാര്യങ്ങൾ ഉന്നയിച്ചുകൊണ്ടാണല്ലോ ധനശാസ്ത്രത്തിലെ ആദ്യപാഠം ഉരുക്കഴിക്കുന്നത്. പ്രൊഫസർ മേത്ത അതിൽ തന്നെ കയറിപ്പിടിച്ചിരിക്കുന്നു.  ഒന്ന്, ആഗ്രഹങ്ങൾ, ആവശ്യങ്ങൾ. രണ്ട്, സുഖസൗകര്യങ്ങൾ, മൂന്ന്, ആഡംബരങ്ങൾ. ആഗ്രഹങ്ങൾക്ക് അറ്റമില്ല. സുഖം വർധിപ്പിക്കാനാണ് എല്ലാവരുടെയും നോട്ടം. ആഡംബരത്തിനുള്ള വിഭവങ്ങൾ കണ്ടെത്താനാണ് നെട്ടോട്ടം. 
അനന്തമായ ആഗ്രഹങ്ങളെയും പരിമിതമായ വിഭവങ്ങളെയും ഇണക്കിക്കൊണ്ടുപോകുന്ന ധനവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന മനുഷ്യന്റെ ഇംഗിതങ്ങളും നിശ്ചയങ്ങളും പഠിക്കുകയാണ് ധനശാസ്ത്ര ചിന്തകർ.  പ്രൊഫസർ മേഹ്ത്ത ചൂണ്ടിക്കാട്ടുന്നു, ആഗ്രഹങ്ങൾ ഒരിക്കലും നിറവേറുന്നില്ല. 


ആഗ്രഹങ്ങളുടെ സ്വഭാവം അതായതുകൊണ്ടു മാത്രമല്ല, മാറിയും മറിഞ്ഞും വരുന്ന ആഗ്രഹങ്ങളും ആവശ്യങ്ങളും സാധിച്ചെടുക്കാൻ വേണ്ട വിഭവങ്ങൾ ഇല്ലാത്തതുകൊണ്ടും നമ്മൾ കൂടെക്കൂടെ വിലപിച്ചുകൊണ്ടിരിക്കുന്നു, ശിവനേ മർത്ത്യനു തൃഷ്ണ തീരലുണ്ടോ?
തൃഷ്ണ തീർക്കാനുള്ള വിഭവങ്ങളും സാഹചര്യങ്ങളും പോരാത്തതുകൊണ്ടോ ഒരു തരത്തിലും തീരില്ല എന്ന തൃഷ്ണയുടെ മൗലിക സ്വഭാവം കൊണ്ടോ, തൃപ്തി എന്നും അപ്രാപ്യമായിരിക്കുന്നു. പണ്ടേക്കു പണ്ടേ ബുദ്ധൻ കൈവെച്ചതും അതിൽ തന്നെ.  തൃഷ്ണ തീർക്കാൻ മെനക്കെടാതിരിക്കുക. തൃഷ്ണ തന്നെ അപ്പാടേ ഇല്ലാതാക്കുക. ആഗ്രഹം, ആവശ്യം, അതില്ലാത്ത അവസ്ഥയാണ് ആനന്ദം. പ്രൊഫസർ മേഹ്ത്ത ഇംഗ്ലീഷിൽ അതിനെ ംമിഹേലിൈല ൈഎന്നു വിശേഷിപ്പിച്ചു.  ഇന്ത്യൻ ഭാഷകളിൽ അതിനു പറയുന്ന പദങ്ങൾക്ക് എണ്ണമില്ല.
ആധ്യാത്മികതയുടെ ആഴങ്ങളിലേക്ക് വീഴാതെ ആ ഭാവത്തെ  വിവരിക്കാൻ എനിക്കു വശമായ പ്രയോഗമാണ് 'അത്യന്താപേക്ഷിതമായി ഒന്നുമില്ല.' മൂന്നു വാക്കു ചേർന്ന് ഉണ്ടാകുന്ന ആ പ്രയോഗം തന്നെ സ്വാഭാവികമല്ല.  അത്യന്താപേക്ഷിതം. സംസാര ഭാഷയിൽ ഏറെ ഉപയോഗിക്കപ്പെടുന്നതല്ല ആ പദം. അത് ഇല്ലാതെ കഴിയില്ല എന്ന ആശയം ആവിഷ്‌കരിക്കാൻ നമ്മൾ എന്നോ കെട്ടിയുണ്ടാക്കിയതാണ് അത്യന്താപേക്ഷിതം. അത്യന്താപേക്ഷിതമെന്നു തോന്നുന്ന സാധനങ്ങളും സേവനങ്ങളും ഇല്ലാതായാലേ പ്രൊഫസർ മേഹ്ത്തയുടെ ഭാഷയിൽ, ംമിഹേലിൈല ൈ ഉണ്ടായാലേ,  ആനന്ദം അനുഭവിക്കൂ. 


ഇത്രയും നീട്ടിപ്പറഞ്ഞുവന്നത് ആദ്യം സൂചിപ്പിച്ച കാര്യം, അത്യന്താപേക്ഷിതം എന്നൊന്നില്ല എന്ന വസ്തുത, ഉറപ്പിക്കാൻ വേണ്ടിയായിരുന്നു. അതില്ലാതെ കഴിയില്ല എന്നു നമ്മൾ കരുതിയിരുന്ന എത്ര എത്ര പ്രവൃത്തികളും ഉൽപന്നങ്ങളും വേണ്ടെന്നുവെക്കാൻ കഴിഞ്ഞ പത്തു പന്ത്രണ്ട് ആഴ്ചകളിൽ നമുക്ക് സാധിച്ചിരിക്കുന്നു!  പുളിക്കുന്ന മുന്തിരി പോലെ തൂങ്ങിക്കിടന്ന് നമ്മളെ മോഹിപ്പിക്കുന്ന എന്തിനെയെല്ലാം ലേശം പോലും സന്താപമില്ലാതെ ഉപേക്ഷിക്കാൻ നമുക്ക് കഴിഞ്ഞിരിക്കുന്നു! ഒന്നുകിൽ, അതിനൊന്നും നമ്മെ വശീകരിക്കാനുള്ള ശക്തി യഥാർഥത്തിൽ ഇല്ല.  അല്ലെങ്കിൽ, അതിന്റെ പ്രലോഭനം മറികടക്കാൻ നമുക്ക് കഴിയുന്നു. രണ്ടു രീതിയിൽ പറയുന്ന ഒരേ കാര്യം തന്നെ.
എന്റെ ഉള്ളിൽ തട്ടിയ ഒരു അനുഭവം മദ്യം ഉണർത്തുന്ന പ്രതികരണമാകുന്നു. മറ്റൊന്നും വിൽക്കാനുള്ള അവസരം അനുവദിച്ചില്ലെങ്കിലും മദ്യം വാങ്ങാൻ കിട്ടണം.  അതില്ലെങ്കിൽ എന്തൊരു പുകിൽ ആകുമായിരുന്നു! മദ്യം കിട്ടാതെ ആളുകൾ ആത്മഹത്യ ചെയ്യും. വ്യാജമദ്യം ഇറക്കി മദ്യപാനികളുടെ സ്വത്തിനും ജീവനും ഹാനി ഉണ്ടാകും! ആ അർത്ഥത്തിൽ പറയുന്നതാണ് അത്യന്താപേക്ഷിതം. മുഖ്യമന്ത്രിയോ മദ്യമന്ത്രിയോ രാജധാനി മന്ത്രിയോ അറിവില്ലായ്മ കൊണ്ടോ അറിവ് കിറുങ്ങിയതുകൊണ്ടോ ഉപയോഗിച്ചതല്ല ആ വാദമുഖം. ആത്മാർഥമായിത്തന്നെയായിരുന്നു ആ അത്യന്താപേക്ഷിത പ്രയോഗം. ഏതാനും ആഴ്ചയേ വേണ്ടിവന്നുള്ളു മദ്യം അത്യന്താപേക്ഷിതമല്ല എന്നു ബോധ്യപ്പെടാൻ. 


സ്വർണാഭരണങ്ങളുടെ സ്വന്തം നാടായ കേരളത്തിൽ കലർപ്പില്ലാത്ത സ്വർണം കിട്ടാതെ വിൽക്കുന്നവരും അണിയുന്നവരും കഷ്ടപ്പെടും എന്നായിരുന്നു നമ്മുടെ ധാരണ.  അത്യന്താപേക്ഷിതമായ സ്വർണത്തിന്റെ  ക്രയവിക്രയം,   വിവാഹക്കാലത്തും കൊറോണക്കാലത്തും നിർബാധം എന്നായിരുന്നു എല്ലാവരുടെയും വിചാരം. നമ്മുടെ മാധ്യമങ്ങളുടെയും സൗന്ദര്യ വിപണിയുടെയും നെടുന്തൂണായ സ്വർണ വ്യാപാരം തൽക്കാലത്തേക്കു പോലും നിർത്തുന്ന കാര്യം നമ്മൾ ഒരിക്കലും ആലോചിച്ചതല്ല.  അത്രമേൽ അത്യന്താപേക്ഷിതമായിക്കഴിഞ്ഞിരുന്നു സ്വർണം നമ്മുടെ ജീവിതത്തിൽ. ഇപ്പോഴിതാ തെളിയുന്നു, സ്വർണം വാങ്ങാതെയും അസ്തിത്വം സാധ്യമാവും. 
സ്വർണ സൂഖിൽ ഒതുങ്ങുന്നതല്ല  ഈ പ്രകരണം. അരിയും പയറും പാലും വിൽക്കുന്ന കടകൾ നിശ്ചിത നേരത്ത് തുറക്കുന്നു, അടക്കുന്നു, അവ അത്യാവശ്യ സാധനങ്ങളുടെ ശേഖരമായതുകൊണ്ട് നേരത്തേ ഉപയോഗിച്ച വാക്ക് വീണ്ടും ഉപയോഗിക്കട്ടെ, അവ അത്യന്താപേക്ഷിതമായതുകൊണ്ട്.  മറ്റുള്ളവ തുറക്കേണ്ടെന്നു നിശ്ചയിച്ചപ്പോൾ, തുറക്കുമ്പോൾ തന്നെ കുട്ടികളും വയസ്സായവരും കയറരുതെന്നു നിർദേശിച്ചപ്പോൾ, അവ അത്യന്താപേക്ഷിതത്തിന്റെ പട്ടികയിൽ പെടില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഒന്നും രണ്ടും ലക്ഷം ചതുരശ്ര അടിയിൽ, പല നിലകളിലായി പരന്നു കിടക്കുകയും അച്ഛനും അമ്മയും ഒഴിച്ചെല്ലാം അവിടത്തെ ശേഖരത്തിൽ കാണുമെന്ന് അഭിമാനിക്കുകയും ചെയ്യുന്ന ഭീമൻ മാളുകൾ അടഞ്ഞുകിടന്നു.  
അവിടവിടെ നിരത്തിവെച്ചിട്ടുള്ള സാധനങ്ങൾ നോക്കി മനസ്സിലാക്കി അവ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ചിന്തയിൽ മുഴുകിപ്പോകാറുള്ള വാങ്ങൽ വിദഗ്ധർക്ക് സ്വസ്ഥമായി വീട്ടിൽ ഇരിക്കാമെന്നായി, അത്യന്താപേക്ഷിതമല്ലാത്ത വസ്തുക്കൾ കുത്തിനിറച്ച കൂറ്റൻ ഷോകേസുകൾക്കു മുന്നിൽ തപസ്സ് അനുഷ്ഠിക്കേണ്ടെന്നായി.  


വാങ്ങലും വിൽക്കലും തന്നെ ജീവിതം.  പക്ഷേ വാങ്ങാനും വിൽക്കാനും കിട്ടുന്നതെല്ലാം അത്യന്താപേക്ഷിതമല്ല എന്ന ബോധം ഉണർത്താൻ കഴിഞ്ഞ ആഴ്ചകളിലെ അനുഭവം ഉതകിയിരിക്കണം. 
വികസനത്തിന്റെ മറ്റൊരു വശമാണ് യാത്ര.  അതിനു പിൻബലം കൊടുക്കുന്ന ഒരു ഹ്രസ്വവാക്യമാണ് ഐതരേയ ഉപനിഷത്തിലെ ചരൈവേതി, ചരൈവേതി. അതിന്റെ താൽപര്യമെന്തായാലും, വാച്യാർഥത്തിൽ തന്നെ അതിനെ പ്രമാണമാക്കിയിരിക്കുന്നു വികസിക്കുന്ന ലോകം. യാത്ര ചെയ്യുക തന്നെ, അനവരതം യാത്ര ചെയ്യുക തന്നെ. 
ആർ എൽ സ്റ്റീവൻ സൺ പറഞ്ഞ പോലെ, എവിടെയെങ്കിലുമെത്തുന്നതിനേക്കാൾ പ്രധാനപ്പെട്ടതത്രേ യാത്ര ചെയ്യുന്നത്. ജീവിതത്തിന് നമ്മൾ കണ്ടെത്തിയിട്ടുള്ള ഏറ്റവും ജനപ്രിയമായ ബിംബകം ആണ് യാത്ര.  നമ്മുടെ വികാസത്തിന്റെ ഒരു സൂചിക രചിക്കണമെങ്കിൽ പറയാം, എന്റെ അച്ഛൻ ആയുഷ്‌കാലം മുഴുവൻ നിർവഹിച്ച യാത്ര എന്റെ മകളുടെ മകൾ ആദ്യത്തെ കൊല്ലം തീർത്തിട്ടുണ്ടാവും. ജീവിതത്തെ ജീവിതമാക്കാൻ വേണ്ടതെന്നു നമ്മൾ കരുതിയ ആ യാത്ര ഉണ്ടല്ലോ, അത് അത്യന്താപേക്ഷിതമല്ലെന്നു ബോധ്യപ്പെട്ടില്ലേ? 
ആ പ്രാചീനയ വനവിനോദം എപ്പോഴോ നമ്മൾ അഭിനവമാക്കി.  നാലാണ്ടു തോറും അരങ്ങേറുന്ന ഒളിംപിക് ഗെയിംസ് ആയി.  അതിനുള്ള ഒരുക്കങ്ങൾ എല്ലാം ജപ്പാനിൽ പൂർത്തിയായി വരികയായിരുന്നു കൊറോണ കയറി പിടിച്ചപ്പോൾ. ഏതു ദുരിതത്തെയും മറി കടക്കാൻ പ്രാപ്തിയുള്ള ജപ്പാൻ ജനതക്ക് ഒളിംപിക് ഗെയിംസ് ഒരു അനിവാര്യതയല്ലെന്നു തീരുമാനിക്കാൻ രണ്ടു മൂന്നാഴ്ചയേ വേണ്ടിവന്നുള്ളൂ. 


അത്ര പെട്ടെന്ന് ഒളിംപിക് ഗെയിംസ് വേണ്ടെന്നുവെക്കാമെങ്കിൽ, വേണ്ടെന്നു വെക്കാൻ വയ്യാത്തതായി എന്തുണ്ട്? നമ്മുടെ കൊച്ചുകേരളത്തിൽ വർഷം പൊട്ടുന്നതിനു മുമ്പുള്ള മാസങ്ങളിൽ കൈയും മെയ്യും മറന്ന് കൊണ്ടാടിവരുന്നതാണ് പൂരം.  
ചെറുതും വലുതുമായ ദേവാലയങ്ങളിൽ പണവും പാരമ്പര്യവും ഉള്ളതനുസരിച്ച് ആഘോഷിക്കുന്ന ഉത്സവം. പൂരങ്ങളിൽ വെച്ച് തൃശൂർ പൂരം എന്നാണ് പ്രമാണം. പ്രകൃതിയുടെ വികൃതി കൊണ്ട് ചിലപ്പോൾ പൂരം മുടങ്ങിപ്പോയതായി ചരിത്രം പറയുന്നു. ഇത്തവണ പൂരം അത്യന്താപേക്ഷിതമല്ല എന്നു വിധിച്ചത് മനുഷ്യൻ തന്നെയാണ്.
 

Latest News