ന്യൂദൽഹി- രാജ്യത്ത് കോവിഡ് കേസുകൾ നവംബർ മധ്യത്തോടെ ഏറ്റവും ഉയർന്ന തോതിലെത്തുമെന്ന് പഠനം.എട്ടാഴ്ചത്തെ അടച്ചിടലും ആരോഗ്യമേഖലയിലെ ശക്തമായ ഇടപെടലുകളുമാണ് കോവിഡ് വ്യാപനം പിടിച്ചുനിർത്തിയതെന്നും ഐ.സി.എം.ആറിന്‍റെ സാമ്പത്തിക സഹായത്തോടെ നടത്തിയ പഠനം വ്യക്തമാക്കുന്നു.
അപ്പോഴേക്കും ഐ.സി.യു. കിടക്കകളും വെന്റിലേറ്ററുകളും തികയാത്ത സാഹചര്യമുണ്ടാകുമെന്നും ഐ.സി.എം.ആർ. രൂപവത്കരിച്ച ഗവേഷകസംഘം ചൂണ്ടിക്കാട്ടുന്നു. ലോക് ഡൗണ്‍ നടപ്പാക്കിയതിനാൽ കോവിഡ് കേസുകൾ ഏറ്റവും കൂടുന്ന സമയം 34 മുതൽ 76 ദിവസംവരെ വൈകിപ്പിക്കാനായി. രോഗ ബാധിതരുടെ എണ്ണം 69 മുതൽ 97 ശതമാനം വരെയും മരണം 60 ശതമാനവും കുറയ്ക്കാൻ സാധിച്ചു. ആരോഗ്യമേഖല ശക്തിപ്പെട്ടതും അടിസ്ഥാന സൗകര്യങ്ങൾ വർധിച്ചതും ഗുണംചെയ്തു. ആരോഗ്യമേഖല 60 ശതമാനത്തോളം ശക്തിപ്പെട്ടതിനാൽ, നവംബർ ആദ്യവാരം വരെ ആരോഗ്യമേഖലയിലെ ആവശ്യങ്ങൾ നിറവേറ്റാനാകും. എന്നാൽ അതിനുശേഷം ഐസൊലേഷൻ കിടക്കകൾ അപര്യാപ്തമായിവരുമെന്നും ഗവേഷക സംഘം പറയുന്നു.






