ന്യൂദല്‍ഹി- കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ ആരംഭിച്ച ശേഷം ഇന്ത്യയില്‍ പ്രായമായവര്‍ക്കെതിരായ അവഗണനയും നിന്ദയും വര്‍ധിച്ചതായി സര്‍വേ. ഇതു സംബന്ധിച്ച ലോക ബോധവല്‍ക്കരണ ദിനത്തിന് മുന്നോടിയായാണ് പ്രധാന നഗരങ്ങളില്‍ സന്നദ്ധ സംഘടനയായ ഏജ് വെല്‍ ഫൗണ്ടേഷന്‍ സര്‍വേ നടത്തിയത്.
ജൂണ്‍ ഒന്നു മുതല്‍ 12 വരെ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത വയോധികരില്‍ 71 ശതമാനവും തങ്ങള്‍ക്കെതിരായ നിന്ദയും അവഗണനയും വര്‍ധിച്ചതായാണ് വ്യക്തമാക്കിയത്. ലോക് ഡൗണ്‍ കാലയളവിലും അതിനുശേഷവും പീഡനം തുടരുകയാണെന്ന്് ഇവര്‍ പറയുന്നു.
അനാദരവ്, അസഭ്യം, സംസാരിക്കാതിരിക്കുക, ദൈനംദിന ആവശ്യങ്ങള്‍ അവഗണിക്കുക, ശരിയായ ഭക്ഷണം നല്‍കാതിരിക്കുക, വൈദ്യസഹായം നിഷേധിക്കുക, സാമ്പത്തികമായി വഞ്ചിക്കുക, ശാരീരികവും വൈകാരികവുമായ അക്രമങ്ങള്‍, പ്രായമായവരെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുക തുടങ്ങിയവയാണ്
വയോധികരുടെ പീഡനങ്ങളില്‍ ഉള്‍പ്പെടുന്നത്.
ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവയുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 5,000 വയോധികരുടെ പ്രതികരണമാണ് ആരാഞ്ഞത്.