കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിലെ ടർമിനൽ മാനേജർക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്റെനിൽ പോകാൻ നിർദേശിച്ചത് 12 ജീവനക്കാരോട്. വിമാനത്താവളത്തിലെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചാണ് ഉദ്യോഗസ്ഥനുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ട 12 എയർപോർട്ട് അഥോറിറ്റി ജീവനക്കാരോട് ആരോഗ്യവകുപ്പ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്. കോവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥൻ കോഴിക്കോട് കുതിരവട്ടം മൈലമ്പാടി സ്വദേശിയുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരിൽ ഒമ്പത് പേർ കൂടുതൽ ഇടപഴകിയവരും മൂന്ന് പേർ കുറഞ്ഞ രീതിയിൽ ഇടപഴകിയവരുമാണ്.
കോവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥൻ സഞ്ചരിച്ച റൂട്ട് മാപ്പ് കോഴിക്കോട് ജില്ലാഭരണ കൂടം പുറത്തിറക്കിയിട്ടുണ്ട്.കഴിഞ്ഞ ഏഴിനാണ് ഇയാളുടെ സ്രവം കൊവിഡ് 19 പരിശോധനക്കയച്ചത്.ശനിയാഴ്ചയാണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.വിമാനത്താവളത്തിൽ നിന്ന് സ്ഥലംമാറ്റം ലഭിച്ച ഉദ്യോഗസ്ഥൻ ശനിയാഴ്ചയും ജോലിയിലുണ്ടായിരുന്നു.






