സുശാന്തിന്റെ ആത്മഹത്യ; കാരണം അറിയാത്തവര്‍ ബോളിവുഡിലില്ലെന്ന് ഹെയര്‍സ്‌റ്റൈലിസ്റ്റ്‌

മുംബൈ- ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍  ബോളിവുഡിലുള്ളവര്‍ ദു:ഖവും സഹാനുഭൂതിയും പങ്കുവെക്കുന്നത് വെറും കാട്ടിക്കൂട്ടല്‍ മാത്രമാണെന്ന് തുറന്ന് പറഞ്ഞ് പ്രശസ്ത ഹെയര്‍സ്റ്റൈലിസ്റ്റ് സപ്‌ന ഭവ്‌നാനി.  കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സുശാന്ത് പ്രശ്‌നങ്ങളിലായിരുന്നുവെന്ന് അറിയാത്തവര്‍ ആരുമില്ല. എന്നാല്‍ ആരും യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിനെ പിന്തുണ നല്‍കുകയോ ഒപ്പം നില്‍ക്കുകയോ ചെയ്തില്ല.ആരും അദ്ദേഹത്തിന്റെ യഥാര്‍ത്ഥ സുഹൃത്തുക്കളായിരുന്നില്ലെന്നും സപ്‌ന പറയുന്നു.

മഹേന്ദ്ര സിങ് ധോണി-അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തില്‍ താരത്തിന്റെ ഹെയര്‍ സ്‌റ്റൈലിസ്റ്റ് കൂടിയായിരുന്നു ഇവര്‍. എല്ലാവരും പറയുന്നത് അദ്ദേഹത്തിന് ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു.എന്നാല്‍ ആരും ഒന്നും അറിഞ്ഞില്ലെന്ന വിധത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പറയുന്നതെന്നും അവര്‍ പറഞ്ഞു.ഇത് തെളിയിക്കാനായി താരത്തെ കുറിച്ച് ചില സുഹൃത്തുക്കളെന്ന് അവകാശപ്പെടുന്നവര്‍ പങ്കുവെച്ച ഗോസിപ്പുകളുടെ സ്‌ക്രീന്‍ഷോട്ടുകളും ഭവ്‌നാനി ട്വിറ്ററില്‍ പങ്കുവെച്ചു.

ഇന്ന് പുലര്‍ച്ചെയാണ് ബാന്ദ്രയിലെ സ്വവസതിയില്‍ സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2019ല്‍ താരം അഭിനയിക്കാനിരുന്ന അഞ്ചോളം പ്രൊജക്ടുകള്‍ മുടങ്ങിപ്പോയിരുന്നു. ഇതും ഗോസിപ്പുകളും താരത്തെ മാനസികമായി തളര്‍ത്തിയിരുന്നുവെന്ന സൂചനയാണ് സപ്‌ന ഭവ്‌നാനി നല്‍കുന്നത്.
 

Latest News