ആമസോണില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ ഓര്‍ഡര്‍ ചെയ്തു, ലഭിച്ചത് ഭഗവത് ഗീത

കൊല്‍ക്കത്ത-ആമസോണില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ലഭിച്ചത് ഭഗവത് ഗീത. കൊല്‍ക്കത്ത സ്വദേശിയായ സുതീര്‍ഥ ദാസിനാണ് കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോക്ക് പകരം ഭഗവത് ഗീത ലഭിച്ചത്. ബുധനാഴ്ചയാണ് സുതീര്‍ഥ ദാസ് കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ ഓര്‍ഡര്‍ ചെയ്തത്. ഓര്‍ഡര്‍ പുറപ്പെട്ടതായ സന്ദേശവും അടുത്ത ദിവസം ലഭിച്ചു. പിന്നീട് പുസ്തകം മാറി അയച്ചതായും ഓര്‍ഡര്‍ റദ്ദാക്കാനും നിര്‍ദേശിച്ച് ശനിയാഴ്ച ദാസിന് ഫോണ്‍ കോള്‍ വന്നു. എന്നാല്‍ ഇത് റദ്ദാക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് പാഴ്‌സല്‍ എത്തി തുറന്നുനോക്കിയ ശേഷമാണ് കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോക്ക് പകരം ഭഗവത് ഗീതയുടെ സംഗ്രഹരൂപമാണ് ലഭിച്ചതെന്ന് മനസിലായത്. ഇക്കാര്യം ഇദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്തു.ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ മാറി ലഭിക്കുന്ന സംഭവങ്ങള്‍ ഏറെയുണ്ടെങ്കിലും കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോക്ക് പകരം ഭഗവത് ഗീത ലഭിച്ചത് കൗതുകത്തിനിടയാക്കുകയാണ്.
 

Latest News