പള്ളികള്‍ ചികിത്സാകേന്ദ്രങ്ങളാക്കി സഹായിക്കണമെന്ന് ആം ആദ്മി അഭ്യര്‍ഥന

ന്യൂദല്‍ഹി- ദേശീയ തലസ്ഥാനത്തെ മുസ്്‌ലിം പള്ളികള്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കി മാറ്റണമെന്ന അഭ്യര്‍ഥനയുമായി ആംആദ്മി പാര്‍ട്ടി. കോവിഡ് രോഗികള്‍ ഗണ്യമായി വര്‍ധിച്ച പശ്ചാത്തലത്തില്‍ ദല്‍ഹിയിലേയും രാജ്യത്തെയും പള്ളികള്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കി കോവിഡ് രോഗികള്‍ക്ക് ബെഡുകളും ഓക്‌സിജനും നല്‍കണമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അമാനത്തുല്ലാ ഖാനാണ് ട്വിറ്ററില്‍ അഭ്യര്‍ഥിച്ചത്. എല്ലാ ജാതി മതക്കാരേയും പള്ളികളില്‍ പ്രവേശിപ്പിച്ച് നിര്‍ണായക ഘട്ടത്തില്‍ സര്‍ക്കാരിനെ സഹായിക്കണമെന്നാണ് അഭ്യര്‍ഥന.
ഒരാഴ്ചക്കകം 20,000 കിടക്കകള്‍ കൂടി സജ്ജമാക്കാന്‍ ദല്‍ഹി സര്‍ക്കാര്‍ ജില്ലാ മജിസ്‌ട്രേറ്റുമാരോട് നിര്‍ദേശിച്ചിരിക്കയാണ്. നോര്‍ത്ത് ദല്‍ഹി മുനിസിപ്പര്‍ കോര്‍പറേഷന്റെ കീഴിലുള്ള ഹിന്ദു റാവു ആശുപത്രി കോവിഡ് ചികിത്സക്ക് മാത്രമായുള്ള കേന്ദ്രമായി പ്രഖ്യിപിച്ചു.
ദല്‍ഹിയിലെ കൊറോണ വ്യാപനം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്.
ദല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ സാന്നിധ്യത്തില്‍ മൂന്ന് മുനിസിപ്പല്‍ അധികൃതരുമായി അമിത് ഷാ ഞായറാഴ്ച ചര്‍ച്ച നടത്തി. ഉന്നത ഉദ്യോഗസ്ഥരും സംബനധിച്ചു.

 

Latest News