ന്യൂദല്‍ഹി- കോവിഡിനെ പ്രതിരോധിക്കാന്‍ മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദവുമായി യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ്. കോവിഡ് രോഗികളില്‍ പരീക്ഷിച്ചതായും നൂറു ശതമാനം അനുകൂല ഫലം ലഭിച്ചതായും പതഞ്ജലിയുടെ സഹസ്ഥാപകനും സി.ഇ.ഒയുമായ ആചാര്യ ബാല്‍കൃഷ്ണ അവകാശപ്പെട്ടു.
ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ അനുമതി ലഭിച്ച ശേഷം ജയ്പൂരിലാണ് മെയ് 28നാണ് പരീക്ഷണം ആരംഭിച്ചത്. പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള മരുന്നല്ല, കോവിഡിന് ചികിത്സ തന്നെയാണ് ലക്ഷ്യമെന്ന് പതഞ്ജലി മാനേജിംഗ് ഡയരക്ടര്‍ കൂടിയായ ആചാര്യ ബാല്‍കൃഷ്ണ പറഞ്ഞു. ഇദ്ദേഹത്തിനു കീഴിലാണ് വെളിച്ചെണ്ണയും ടൂത്ത് പേസ്റ്റും പതഞ്ജലി വിപണിയിലിറക്കുന്നത്.
പതഞ്ജലിയുടെ കോവിഡ് പ്രതിരോധമരുന്ന് കൊറോണില്‍ എന്നപേരിലാണ് പുറത്തിറങ്ങുകയെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതേക്കുറിച്ച് പഠിക്കാന്‍ ഒരു സംഘം ശാസ്ത്രജ്ഞരെ നിയമിച്ചിരുന്നുവെന്നും വൈറസ് ശരീരത്തില്‍ വ്യാപിക്കുന്നത് തടയാന്‍ കഴിയുന്ന സംയുക്തങ്ങള്‍ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് നൂറുകണക്കിന് കോവിഡ് രോഗികളില്‍ പരീക്ഷണം നടത്തിയത്. നൂറു ശതമാനം അനുകൂല ഫലമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും പതഞ്ജലി സി.ഇ.ഒ പറയുന്നു.
ആയുര്‍വേദത്തിലൂടെ കോവിഡ് ചികിത്സ സാധ്യമാണെന്ന് ഞങ്ങള്‍ക്ക് പറയാന്‍ കഴിയും. കമ്പനി ഇപ്പോള്‍ മരുന്ന് പരീക്ഷണങ്ങള്‍ നടത്തുകയാണ്. തെളിവുകള്‍ ഒരാഴ്ചക്കുള്ളില്‍ പുറത്തുവിടും-അദ്ദേഹം പറഞ്ഞു.
യോഗ ഗുരു ബാബാ രാംദേവും ബാല്‍കൃഷ്ണയും ചേര്‍ന്ന് 2006ലാണ് പതഞ്ജലി ഗ്രൂപ്പ് സ്ഥാപിച്ചത്.






