Sorry, you need to enable JavaScript to visit this website.

കൊച്ചിയുടെ സ്‌നേഹത്തില്‍ മനസ് നിറഞ്ഞ് ഷാര്‍ജ സുല്‍ത്താന്‍

എം.എ.യൂസഫലിയുടെ അഥിതിയായി രണ്ട് മണിക്കൂറിലേറെ കൊച്ചിയില്‍

കൊച്ചി- ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ ഊഷ്മളമായ ആതിഥേയത്വത്തിലും കൊച്ചിയിലെ ജനങ്ങളുടെ സ്‌നേഹത്തിലും മനസ് നിറഞ്ഞ് ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. കൊച്ചിക്കാര്‍ നല്‍കിയ സ്‌നേഹവും സ്വീകരണവും സുല്‍ത്താന്റെ പ്രശംസ പിടിച്ചു പറ്റി.

ഇന്നലെ രാവിലെ തിരുവനന്തപുരത്തുനിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ സുല്‍ത്താനെ തൃശൂര്‍ പൂരത്തിന് സമാനമായ സ്വീകരണം ഒരുക്കിയാണ് കൊച്ചി വരവേറ്റത്.  നേരത്തെ വിമാനത്താവളത്തില്‍ വെച്ച് എം.എ.യൂസഫലിയും കുടുംബാംഗങ്ങളും ജില്ലാ കലക്ടര്‍ സഫറുല്ല സയദ്, സിയാല്‍ എം.ഡി. വിജെ. കുര്യന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും പഞ്ചവാദ്യവും ശിങ്കാരിമേളവും കാവടിയാട്ടവും കഥകളിയും, മോഹിനിയാട്ടവും തെയ്യവും, തൃശൂര്‍ പുലിക്കളി സംഘത്തിന്റെ പുലിക്കളിയുമൊക്കെ ചേര്ന്ന് ഒരുക്കിയ ഉത്സവാന്തരീക്ഷത്തില്‍ അദ്ദേഹം കുറച്ചു സമയം ചെലവഴിച്ചു.   തൃശ്ശൂര്‍ പൂരം മാതൃകയില്‍ സ്വീകരണം ഒരുക്കിയ സ്ഥലത്ത്  ലുലു എക്‌സ്‌ചേഞ്ച് സി ഇ ഒ അദീബ് അഹമ്മദ് സുല്‍ത്താനെ ബൊക്കെ നല്‍കി സ്വീകരിച്ചു.

കഥകളി, തെയ്യം, അറവനമുട്ട്, താലപ്പൊലി, ശിങ്കാരിമേളം,  പുലികളി, കാവടിയാട്ടം തുടങ്ങിയ കലാരൂപങ്ങളുടെ സാന്നിധ്യത്തില്‍ സ്വീകരണം ആവേശമായി മാറി. പുലിക്കളി കണ്ട് അല്‍പനേരം നോക്കി നിന്ന സുല്‍ത്താനോട് ഇത് തന്റെ ജന്മദേശമായ തൃശൂരില്‍ നിന്നെത്തിയ പുലികളാണെന്നും വര്‍ഷം തോറും പുലിക്കളി തൃശൂരിന്റെ അത്യന്തം ആവേശം നിറഞ്ഞ ഒരു കലാരൂപമാണെന്നും ആതിഥേയനായ യൂസഫലി ശൈഖ്  സുല്‍ത്താനോട് വിശദീകരിച്ചു.
എല്ലാം കണ്ട് മനസ്സ് നിറഞ്ഞ് തന്റെ വാഹനത്തില്‍ കയറിയെങ്കിലും പിന്നാലെയെത്തിയ
പത്‌നി ശൈഖ ജവഹര്‍ ബിന്ദ് അബ്ദുല്ല അല്‍ ഖാസിമി ആവേശത്തോടെ കലാപ്രകടങ്ങള്‍
കണ്ട് ആസ്വദിക്കുകയും കഥകളിക്കൊപ്പവും പുലിക്കളിക്കൊപ്പവും ചേര്‍ന്ന് ഫോട്ടോ എടുക്കുന്നത് താത്പര്യത്തോടെ നോക്കിയിരുന്നു. തുടര്‍ന്ന് നേരെ കടവന്ത്രയിലുള്ള യൂസഫലിയുടെ വസതിയിലേക്ക് പുറപ്പെട്ട സുല്‍ത്താനൊപ്പം എം.എ യൂസഫലിയും ഒരു കാറിലാണ് സഞ്ചരിച്ചത്.  ശൈഖ് സുല്‍ത്താന്റെ     പത്‌നി ശൈഖ  ജവാഹര്‍ ബിന്ത് മുഹമ്മദ് അല്‍ഖാസിമി, യൂസഫലിയുടെ പത്‌നി സാബിറ യൂസഫലി, മകള്‍ ഷഫീന യൂസഫലി എന്നിവര്   മറ്റൊരു വാഹനത്തില്‍    ഒരുമിച്ചായിരുന്നു യാത്ര.  കടവന്ത്രയിലെ വസതിയില്‍  സഹോദരനും  ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എം എ അഷ്‌റഫലി ലുലു ഡയറക്ടര്‍ എം.എ സലീം തുടങ്ങിയവര്‍ സുല്‍ത്താനെ സ്വീകരിച്ചു.

 

Latest News