ലഖ്‌നൗ-മൂത്ത സഹോദരനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ യുവാവ് സൈക്കോ കില്ലറാണെന്ന് പോലിസ്.രാധേ ശ്യാം എന്ന മുപ്പതുകാരനാണ് തന്റെ സഹോദരനെ കഴിഞ്ഞ ദിവസം കൊല്ലാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലിസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ യുവാവ് സൈക്കോ കില്ലറാണെന്നും കുടുംബത്തില്‍ രണ്ട് കുട്ടികളെ നേരത്തെ കൊലപ്പെടുത്തിയത് ഇയാളാണെന്നും തെളിഞ്ഞു.
ഇട്ട ജില്ലയിലെ ധരംപൂര്‍ ഗ്രാമത്തിലാണ് സംഭവം. ജൂണ്‍ 11ന് രാത്രി തന്റെ മൂത്ത സഹോദരന്‍ വിശ്വനാഥ് സിങിനെ ഉറങ്ങിക്കിടക്കുമ്പോള്‍ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ബന്ധുക്കള്‍ ചേര്‍ന്ന് ഇയാളെ പിടികൂടുകയും അക്രമം തടയുകയും ചെയ്തു. തുടര്‍ന്ന് പോലിസെത്തി അറസ്റ്റ് ചെയ്ത് കൊണ്ടുപോയി.തുടര്‍ന്ന് ചോദ്യം ചെയ്യുകയും ചെയ്തു. അപ്പോഴാണ് രാധേ ശ്യാം ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. തനിക്ക് കൊലപാതകം ആനന്ദം നല്‍കുമെന്നും കുടുംബത്തില്‍ ഫെബ്രുവരി നാലിനും ജൂണ്‍ ഒന്‍പതിനും കൊല്ലപ്പെട്ട രണ്ട് കുട്ടികളെ കൊന്നത് താനാണെന്നും യുവാവ് മൊഴി നല്‍കി. കുടുംബത്തിലെ മൂന്ന് പേരെ കൂടി കൊല്ലാന്‍ താന്‍ പദ്ധതിയിട്ടിരുന്നുവെന്നും യുവാവ് പറഞ്ഞു.
ഇയാളുടെ മൂത്തസഹോദരന്‍ സത്യേന്ദ്രയുടെ മകനായ ആറ് വയസുകാരനും ഇയാളുടെ ബന്ധുവായ രഘുരാജ് സിങ്ങിന്റെ അഞ്ചുവയസുകാരന്‍ മകനെയുമാണ് കൊലപ്പെടുത്തിയത്. എന്നാല്‍ ഈ കേസുകളില്‍ ഒരു സ്ത്രീ അടക്കം ആറ് പേരെ പ്രതികളാക്കി പോലിസ് ജയിലിലാക്കിയിട്ടുണ്ട്. യഥാര്‍ത്ഥ പ്രതി സത്യം തുറന്നുപറഞ്ഞ സാഹചര്യത്തില്‍ ഇവരെ വിട്ടയക്കുമെന്ന് പോലിസ് അറിയിച്ചു.






