ന്യൂദല്‍ഹി- കോവിഡ് ബാധിതയായ മലയാളി വനിതയ്ക്ക് ദല്‍ഹി ആശുപത്രിയില്‍ ചികിത്സ നല്‍കാതെ അവഗണിക്കുന്നുവെന്ന് പരാതി. ദല്‍ഹി എല്‍എന്‍ജെപി ആശുപത്രിയിലാണ് ചികിത്സ നല്‍കാതെ വരാന്തയില്‍ പാര്‍പ്പിച്ചിരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ച രേഖകള്‍ പര്യാപ്തമല്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ശ്വാസതടസവും നെഞ്ച് വേദനയും അടക്കം ലക്ഷണങ്ങളുമായി എത്തിയ രോഗിയെ ഡോക്ടര്‍മാര്‍ ചികിത്സിക്കാന്‍ തയ്യാറാകുന്നില്ല. ഇവരുടെ ഭര്‍ത്താവ് കഴിഞ്ഞ ദിവസമാണ് വൈറസ് ബാധിച്ച് മരിച്ചത്.
ഇവര്‍ കോവിഡ് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് മൊബൈല്‍ ഫോണില്‍ ആണ് സൂക്ഷിച്ചിരിക്കുന്നത്. ഇത് കാണിച്ചുനല്‍കിയപ്പോള്‍ ഒറിജിനല്‍ റിപ്പോര്‍ട്ട് കൊണ്ടുവരണമെന്നും അല്ലാത്തപക്ഷം ചികിത്സ നല്‍കില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതായാണ് വിവരം .കോവിഡ് ബാധിച്ച അന്യസംസ്ഥാനക്കാര്‍ക്ക് ദല്‍ഹിയിലെ ആശുപത്രികളില്‍ ചികിത്സ ലഭിക്കുന്നില്ലെന്ന് നിരവധി പരാതികളാണ് ഉയരുന്നത്.
നേരത്തെ കോവിഡ് ബാധിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും കുടുംബത്തെയും ആശുപത്രി അധികൃതര്‍ ചികിത്സിക്കാന്‍ തയ്യാറാകാത്തത് വാര്‍ത്തയായിരുന്നു. ദല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. 38958 പേര്‍ക്ക് നിലവില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.