തിരുവനന്തപുരം-നെയ്യാറ്റിന്‍കര മാരായമുട്ടത്ത് മകന്റെ വീടിന് മുമ്പില്‍ മാതാപിതാക്കളുടെ കുത്തിയിരിപ്പ് സമരം. തങ്ങളുടെ സ്വത്തുക്കളും പണവും തട്ടിയെടുത്ത ശേഷം വീട്ടില്‍ നിന്ന് ഇറക്കിവിട്ടുവെന്ന് ആരോപിച്ചാണ് എഴുപത് വയസുകാരനായ ചെല്ലപ്പനും അറുപത്തിയഞ്ചുകാരിയായ ഓമനയും മകന്‍ ചായ്‌ക്കോട്ടുകോണം സ്വദേശി സുജകുമാറിന്റെ വീട്ടിന് മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. മകനെതിരെ പോലിസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു.
തങ്ങളെ സംരക്ഷിക്കാമെന്ന ഉറപ്പില്‍ മകന് തങ്ങളുടെ പക്കലുണ്ടായിരുന്ന പണവും ഓമനയുടെ സഹോദരി ജെയ്‌നിയുടെ പേരിലുള്ള കുടുംബസ്വത്തുക്കളും നല്‍കിയെന്നും എന്നാല്‍ ഇതിന് ശേഷം തങ്ങളെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടുവെന്നും ഇവര്‍ പറയുന്നു. കോവിഡ് പ്രതിസന്ധിയുള്ളതിനാല്‍ ബന്ധുക്കളുടെ വീട്ടില്‍ പോലും അഭയം ലഭിക്കാതെ തെരുവിലായിരിക്കുകയാണ് ഈ മൂന്ന് വൃദ്ധജനങ്ങള്‍. നാട്ടുകാര്‍ ഇവരെ താത്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.