നിയന്ത്രണങ്ങള്‍ നീക്കിയതോടെ കോവിഡ് ബാധിതര്‍ വര്‍ധിക്കുന്നു

മംബൈ മറൈന്‍ ഡ്രൈവില്‍ ബോളിവുഡ് നടി മല്ലിക ഷെറാവത്ത് പോലീസുകാരൊടപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നു.

ബെയ്ജിംഗ്- കോവിഡ് തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ശേഷം ചൈന, ദക്ഷിണ കൊറിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ രോഗികള്‍ വര്‍ധിക്കുന്നു. വ്യാപാരങ്ങള്‍ക്കും വിമാനയാത്രക്കും നിലവിലുള്ള വിലക്ക് നീക്കിയാല്‍ രോഗം തിരിച്ചുവരുമെന്നും വലിയ ഭീഷണി സൃഷ്ടിച്ച്  വ്യാപിക്കുമെന്നുമുള്ള സൂചനയാണ് ഇതു നല്‍കുന്നത്.
രണ്ടു മാസത്തിനിടെ ചൈനയില്‍ ഞായറാഴ്ച കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കയാണ്. ദക്ഷിണ കൊറിയയിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ഈജിപ്തില്‍ പ്രതിദിനം ഏറ്റവും കൂടുതല്‍ രോഗബാധയാണ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.
ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് അമേരിക്കയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിയന്ത്രണങ്ങള്‍ നീക്കാന്‍ ഉത്തരവിട്ടതിനു പിന്നാലെ ചില സ്റ്റേറ്റുകളിലും രോഗബാധ വര്‍ധിക്കുന്നു.
ചൈനയില്‍ 24 മണിക്കൂറിനിടെ 57 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഏപ്രില്‍ മധ്യത്തിനുശേഷം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ രോഗബാധയാണിതെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ പറയുന്നു.
രണ്ട് കോടി ജനസംഖ്യയുള്ള തലസ്ഥാനമായ ബെയ്ജിംഗിലാണ് 36 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.  ശനിയാഴ്ച അടച്ചുപൂട്ടിയ ഏറ്റവും വലിയ മൊത്ത വ്യാപാര കേന്ദ്രമാണ് പുതുതായി രോഗ വ്യാപനത്തിന്റെ കേന്ദ്രമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ചൈനാ ന്യൂസ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറച്ചിയും മത്സ്യവുമടക്കം വിതരണം ചെയ്യുന്ന മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നവരാണ് രോഗം സ്ഥിരീകരിച്ച 27 പേര്‍. ഒമ്പത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചു.
പരിശോധനയില്‍  50 പേര്‍ക്ക്  കോവിഡ് പോസിറ്റീവയതോടെയാണ് സിന്‍ഫാദി മാര്‍ക്കറ്റ് അടച്ചത്.

ലോകത്ത് ഇപ്പോഴും പ്രതിദിനം ഒരു ലക്ഷം പേര്‍ക്ക് പുതുതായി കോവിഡ് ബാധിക്കുന്നുവെന്നാണ് ജോണ്‍സ് ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റി നല്‍കുന്ന കണക്ക്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയിലും വളരെ വേഗം രോഗം പടര്‍ന്ന സൗത്ത് കൊറിയ, ഇറ്റലി, സ്‌പെയിന്‍ എന്നിവിടങ്ങളിലും രോഗ ബാധ കുറഞ്ഞപ്പോള്‍ ബ്രസീല്‍, ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ രോഗബാധിതര്‍ വര്‍ധിച്ചിരിക്കയാണ്.

Latest News