സുമാ ബാലകൃഷ്ണൻ രാജിവെച്ചു; കണ്ണൂരിൽ ലീഗിലെ സി. സീനത്ത് മേയറാവും 

കണ്ണൂർ - കണ്ണൂർ കോർപറേഷൻ മേയർ സുമാ ബാലകൃഷ്ണൻ രാജിവെച്ചു. മുസ് ലിം ലീഗിലെ സി.സീനത്ത് പുതിയ മേയറാവും. കാലാവധി തീരാൻ മൂന്നു മാസം മാത്രം ബാക്കി നിൽക്കേ, നിലവിലെ കൗൺസിലിലെ മൂന്നാമത് മേയറാകാനുള്ള അവസരമാണ് സീനത്തിനു ലഭിക്കുന്നത്. 
2015 ൽ യു.ഡി.എഫിലുണ്ടാക്കിയ ധാരണപ്രകാരം കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനം ലീഗിനു അവകാശപ്പെട്ടതായിരുന്നു. എന്നാൽ കോൺഗ്രസ് വിമതൻ പി.കെ.രാഗേഷ് ഇടതുപക്ഷത്തിനനുകൂലമായി നിലപാടെടുത്തതോടെ ഒരംഗത്തിന്റെ ഭൂരിപക്ഷത്തിൽ സി.പി.എമ്മിലെ പി.കെ.ലത മേയറായി. നാല് വർഷത്തിനു ശേഷം പി.കെ.രാഗേഷ്, യു.ഡി.എഫിലേക്കു തിരികെ വന്നതോടെ ഭരണം യു.ഡി.എഫിനു ലഭിക്കുകയും കോൺഗ്രസിലെ സുമാ ബാലകൃഷ്ണൻ മേയറാവുകയും ചെയ്തു. ഒരു വർഷ കാലാവധിയാണ് യു.ഡി.എഫിനു ലഭിച്ചത്. ഇതിൽ ആദ്യത്തെ ആറു മാസം കോൺഗ്രസും അവസാന ആറു മാസം ലീഗും ഭരിക്കുക എന്നതായിരുന്നു ധാരണ. എന്നാൽ ലോക്ഡൗൺ മൂലം കോൺഗ്രസിന്റെ കാലാവധി നീണ്ടുപോയി. ഇതിനിടയിൽ മുസ്‌ലിം ലീഗ് കൗൺസിലർ സലീം ഇടതു പാളയത്തിലെത്തിയതോടെ പി.കെ.രാഗേഷിനു ഡെപ്യൂട്ടി മേയർ സ്ഥാനം നഷ്ടമായി. പിന്നീട് ലീഗ് - കോൺഗ്രസ് നേതാക്കൾ ചേർന്ന് സലീമുമായി ചർച്ച നടത്തുകയും സലീം തിരികെ ലീഗിൽ എത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ പി.കെ.രാഗേഷ് വിജയിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സുമാ ബാലകൃഷ്ണൻ മേയർ സ്ഥാനം രാജിവെക്കുകയും ചെയ്തത്. 


വനിതാ സംവരണമായതിനാൽ മുസ്‌ലിം ലീഗിൽ പുതിയ മേയറെ സംബന്ധിച്ച് നേരത്തേ ചർച്ച നടന്നിരുന്നു. 16 അംഗ ജില്ലാ കമ്മിറ്റിയിൽ രണ്ട് പേരുകളാണ് ഉയർന്നു വന്നിരുന്നത്. റോഷ്‌നി ഖാലിദിന്റെയും സി.സീനത്തിന്റെയും പേരുകളായിരുന്നു ഇവ. റോഷ്‌നി ഖാലിദ് തായത്തെരു ഡിവിഷനിൽ നിന്നും സീനത്ത് കസാനക്കോട്ട ഡിവിഷനിൽ നിന്നുമാണ് വിജയിച്ചിരുന്നത്. ഇരുവർക്കും എട്ടു വീതം വോട്ടുകൾ ലഭിച്ചു. ഒടുവിൽ സമവായത്തിന്റെ അടിസ്ഥാനത്തിലാണ് സീനത്തിനെ മേയറാക്കാൻ തീരുമാനിച്ചത്. 
കസാനക്കോട്ട ഡിവിഷനിൽ നിന്നും തുടർച്ചയായി 20 വർഷം സീനത്ത് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2000 ത്തിലാണ് ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2005 മുതൽ 2010 വരെയും 2015 മുതൽ 2020 വരെയും ജനറൽ സീറ്റായ കസാനക്കോട്ടയിൽ നിന്നു മത്സരിച്ചു കോർപറേഷനിലെ തന്നെ ഏറ്റും വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. നേരത്തേ 20 വർഷത്തോളം പ്രവാസിയുമായിരുന്നു. 2000 ലാണ് ഭർത്താവ് സത്താറിനൊപ്പം നാട്ടിൽ തിരികെയെത്തിയതും പൊതു രംഗത്തു സജീവമായതും.
കഴിഞ്ഞ നഗരസഭയിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ, കോർപറേഷൻ നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എന്നീ നിലകളിൽ പ്രവർത്തിച്ച അനുഭവ പരിചയവുമായാണ് ഇവർ മേയറുടെ കസേരയിൽ എത്തുക. കഴിഞ്ഞ മൂന്നു വർഷമായി വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് കൂടിയാണ് സീനത്ത്. 
 

Latest News