Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് കോവിഡ് ബാധിതരുടെ എണ്ണം 200 കടന്നു

മലപ്പുറം-ഇന്നലെ 15 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ മലപ്പുറം ജില്ലയിൽ രോഗബാധിതരുടെ എണ്ണം 200 കടന്നു. 208 പേരാണ് ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്. പരിശോധനാ ഫലം പോസിറ്റീവ് ആയ 15 പേരിൽ എട്ടു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഒരാൾ ഇതര സംസ്ഥാനത്ത് നിന്നും ആറു പേർ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരിൽ ഒരാൾ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവർ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ഐസൊലേഷനിൽ ചികിത്സയിലാണെന്ന് ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇവർക്ക് പുറമെ മഞ്ചേരിയിൽ ചികിത്സയിലുള്ള ഒരു കോഴിക്കോട് സ്വദേശിക്കും ഒരു പാലക്കാട് സ്വദേശിക്കും ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
മെയ് 17 ന് രോഗം സ്ഥിരീകരിച്ച മൂന്നിയൂർ ചിനക്കൽ സ്വദേശി 48 കാരന്റെ പത്ത് ദിവസം പ്രായമായ പേരമകൾ, തെന്നല ഗ്രാമപഞ്ചായത്തിലെ ആശാ വർക്കറായ വെന്നിയൂർ പെരുമ്പുഴ സ്വദേശിനി 39 കാരി, തെന്നല ഗ്രാമ പഞ്ചായത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ വട്ടംകുളം അത്താണിക്കൽ സ്വദേശിനി 44 വയസുകാരി, എടയൂർ ഗ്രാമപഞ്ചായത്തിലെ ടെക്നിക്കൽ അസിസ്റ്റന്റ് വളാഞ്ചേരി സ്വദേശി 30 വയസുകാരൻ, മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ ശുചീകരണ ജീവനക്കാരനായ തിരുവാലി സ്വദേശി 36 കാരൻ, തിരുന്നാവായ ഗ്രാമ പഞ്ചായത്തിലെ 108 ആംബുലൻസിലെ നഴ്സ് തിരുവനന്തപുരം നേമം സ്വദേശിനി 30 വയസുകാരി, പെരിന്തൽമണ്ണ ഫയർഫോഴ്സിനൊപ്പം പ്രവർത്തിച്ച സിവിൽ ഡിഫൻസ് ഫോഴ്സ് വളണ്ടിയർ ആലിപ്പറമ്പ് ആനമങ്ങാട് സ്വദേശിനി 31 വയസുകാരി, കരുവാരക്കുണ്ടിലെ 108 ആംബുലൻസ് ഡ്രൈവറായ കോഴിക്കോട് കക്കോടി സ്വദേശി 24 കാരൻ, എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.
മെയ് 29 ന് മുംബൈയിൽ നിന്ന് സ്വകാര്യ ബസിൽ നാട്ടിലെത്തിയ വട്ടംകുളം കുറ്റിപ്പാല സ്വദേശി 57 കാരൻ, മെയ് 27 ന് കുവൈത്തിൽ നിന്ന് കൊച്ചി വഴി പ്രത്യേക വിമാനത്തിൽ ഒരുമിച്ച് നാട്ടിലെത്തിയ തിരൂരങ്ങാടി ചെമ്മാട് സ്വദേശി 70 വയസുകാരൻ, പൊന്മുണ്ടം വൈലത്തൂർ അടർശ്ശേരി സ്വദേശി 40 വയസുകാരൻ, കീഴാറ്റൂർ ആലിപ്പറമ്പ് സ്വദേശി 45 വയസുകാരൻ, വെട്ടം പറവണ്ണ വിദ്യാനഗർ സ്വദേശി 40 വയസുകാരൻ, പുൽപ്പറ്റ വളമംഗലം സ്വദേശി 43 വയസുകാരൻ, ജൂൺ 10 ന് ദമാമിൽ നിന്ന് കണ്ണൂരിലെത്തിയ ഭൂദാനം വെളുമ്പിയം സ്വദേശി 40 വയസുകാരൻ എന്നിവർക്കുമാണ് ജില്ലയിൽ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.
ഇവരെക്കൂടാതെ മസ്‌ക്കറ്റിൽ നിന്ന് ജൂൺ ആറിന് കരിപ്പൂരിലെത്തിയ പാലക്കാട് ജില്ലയിലെ പട്ടിത്തറ ഒതളൂർ സ്വദേശി 50 വയസുകാരൻ, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരനായ കോഴിക്കോട് കുതിരവട്ടം മയിലമ്പാടി സ്വദേശി 26 കാരൻ എന്നിവർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ ഹൃദയ സംബന്ധമായ അസുഖവും ന്യുമോണിയയുമുള്ള പാലക്കാട് ഒതളൂർ സ്വദേശി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
നിലവിൽ മഞ്ചേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ 208 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ ആറ് പാലക്കാട് സ്വദേശികളും രണ്ട് ആലപ്പുഴ സ്വദേശികളും, രണ്ട് കോഴിക്കോട് സ്വദേശികളും മൂന്ന് തൃശൂർ സ്വദേശികളും തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട സ്വദേശികളായ ഓരോ രോഗികളും പൂനെ സ്വദേശിനിയായ എയർ ഇന്ത്യ ജീവനക്കാരിയും ഉൾപ്പെടുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിൽ ഇതുവരെ 279 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 5,057 പേർക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 951 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

 

Latest News