Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

ജെയ്സല്‍

പെരിന്തൽമണ്ണ-മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് തുവൂരിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കണ്ണൂർ സ്വദേശികളായ രണ്ടു യുവാക്കളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. സംഭവത്തിന് ശേഷം വിദേശത്തേക്കു രക്ഷപ്പെട്ട എടവണ്ണ മുണ്ടേങ്ങര ഒടുമുണ്ട ജെയ്‌സലിനെ (20) കരിപ്പൂർ എയർപോർട്ടിൽ വച്ചാണ് പോലീസ് പിടികൂടിയത്.
2019 മേയ് 29നാണ് കേസിനാസ്പദമായ സംഭവം. പ്രതികൾക്കവകാശപ്പെട്ട കള്ളക്കടത്ത് സ്വർണം യുവാക്കൾ തട്ടിയെടുത്തെന്ന് ആരോപിച്ചാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. കേസിൽ ഇതുവരെ 12 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണൂർ കൂത്തുപറമ്പ് സ്വദേശികളായ പരാതിക്കാരനെയും സുഹൃത്തുക്കളായ രണ്ടുപേരെയും തുവൂരിലേക്ക് പ്രതികൾ വിളിച്ചുവരുത്തി. അവരുടെ കാറിൽ ജീപ്പിടിപ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പരാതിക്കാരനായ റംഷാദിന്റെ സുഹൃത്തുക്കളായ നിജാസ്, ജംഷീർ എന്നിവരെ തട്ടിക്കൊണ്ടുപോയി. അരീക്കോട് ആൾതാമസമില്ലാത്ത വീട്ടിൽ കെട്ടിയിട്ട് മർദിക്കുകയും ഇസ്തിരിപ്പെട്ടി ചൂടാക്കി പുറത്തു വച്ച് മാരകമായി പൊള്ളലേൽപ്പിക്കുകയും ചെയ്തു. ഇവരെ പിന്നീട് മംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘത്തിന് കൈമാറി. കാസർകോട് പൈവെളിഗൈ എന്ന സ്ഥലത്ത് ഏഴു ദിവസത്തോളം പാർപ്പിക്കുകയും വീട്ടുകാരെ വിളിച്ച് 35 ലക്ഷം രൂപ മോചനദ്രവ്യമാവശ്യപ്പെടുകയും ചെയ്തു. പോലീസ് അന്വേഷണത്തിൽ പിടിക്കപ്പെടുമെന്നായപ്പോൾ യുവാക്കളെ മംഗളൂരിവിൽ ഒഴിവാക്കി സംഘം രക്ഷപ്പെട്ടു. ജെയ്‌സലാണ് മുഖ്യപ്രതിയെന്നു യുവാക്കൾ മൊഴി നൽകി. ഇതിനിടെ ഇയാൾ വിദേശത്തേക്ക് രക്ഷപ്പെട്ടു. പെരിന്തൽമണ്ണ എഎസ്പി. എം. ഹേമലതയുടെ നിർദേശ പ്രകാരമാണ് തിരിച്ചെത്തിയ പ്രതിയെ അറസ്റ്റ് ചെയ്തത്.  

 

Latest News