Sorry, you need to enable JavaScript to visit this website.

ഭര്‍ത്താവിന് രണ്ടാംഭാര്യ; 32കാരനെ തട്ടിക്കൊണ്ടു പോകാന്‍ ആദ്യഭാര്യയുടെ ക്വട്ടേഷന്‍


ബംഗളുരു- മുപ്പത്തിരണ്ടുകാരനായ കെട്ടിടനിര്‍മാണ കരാറുകാരനെ ഏഴംഗസംഘം തട്ടിക്കൊണ്ടുപോയി.  ആദ്യഭാര്യയുടെ ക്വട്ടേഷന്‍ അനുസരിച്ചാണ് തട്ടിക്കൊണ്ടുപോയത്.ഇതേതുടര്‍ന്ന് തട്ടിക്കൊണ്ടുപോയ സംഘത്തിലെ നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് മൂന്ന് പേരും യുവതിയും ഒളിവില്‍ പോയതായാണ് വിവരം. ഷാഹിദ് ഷെയ്ഖ് എന്നയാളെയാണ് തട്ടിക്കൊണ്ടുപോയത്. ഇയാളെ ഹാസനിലെ ഫാംഹൗസില്‍ കെട്ടിയിടുകയായിരുന്നു. പിന്നീട് പോലിസെത്തിയാണ് രക്ഷപ്പെടുത്തിയത്. ഇയാളുടെ ആദ്യഭാര്യ മറാത്തഹള്ളി സ്വദേശി റോമ ഷെയ്ഖാണ് ക്വട്ടേഷന്‍ സംഘത്തിന്റെ നേതാവായ അഭിഷേകിന് രണ്ട് ലക്ഷം രൂപ നല്‍കി തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത്.

ഷാഹിദ് ഷെയ്ഖ് റോമ അറിയാതെ രണ്ടാംവിവാഹം കഴിക്കുകയും സിതേഹള്ളിയിലെ വിശ്വേശരയ്യയില്‍ രണ്ടാംഭാര്യ രത്‌ന ഖാത്തൂനൊപ്പം സ്ഥിരതാമസമാക്കുകയും ചെയ്തു. ഒരു വര്‍ഷം മുമ്പായിരുന്നു സംഭവം. കൂടാതെ ആദ്യഭാര്യയുടെ സ്വര്‍ണാഭരണങ്ങളും പണവും രണ്ടാംഭാര്യക്ക് നല്‍കുകയും ചെയ്തു. ഇതാണ് റോമയെ പ്രകോപിപ്പിച്ചതെന്ന് പോലിസ് പറഞ്ഞു.തന്റെ ഭര്‍ത്താവിനെ തിരികെ ലഭിക്കാന്‍ വേണ്ടിയാണ് അവര്‍ തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്ന് ഡിസിപി അറിയിച്ചു.

ജൂണ്‍ ഏഴിന് പച്ചക്കറി വാങ്ങി വരികയായിരുന്ന ഷാഹിദിനെ ഏഴംഗസംഘം തട്ടിക്കൊണ്ടുപോയി ഹാസനില്‍ ഫാംഹൗസില്‍ പാര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടാംഭാര്യ ഖാത്തൂനില്‍ നിന്ന് പണം ആവശ്യപ്പെടാനായിരുന്നു തീരുമാനിച്ചത്. പത്ത് ലക്ഷം തന്നാല്‍ ഭര്‍ത്താവിനെ വിട്ടുതരാമെന്ന് സംഘം ആദ്യം അറിയിച്ചു. രണ്ട് ലക്ഷം രൂപയ്ക്ക് ഷാഹിദിനെ വിട്ടയക്കാമെന്നും സമ്മതിച്ചു. എന്നാല്‍ ഖാത്തൂന്‍ പോലിസിനെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പോലിസ് എത്തി ഷാഹിദിനെ രക്ഷപ്പെടുത്തിയത്.

Latest News