Sorry, you need to enable JavaScript to visit this website.

നിർബന്ധിത  കോവിഡ്  ടെസ്റ്റ്: മക്ക ഇന്ത്യ അസോസിയേഷൻ പ്രതിഷേധിച്ചു

മക്ക - കോവിഡെന്ന മഹാമാരി മൂലം അടിയന്തിരമായി ചാർട്ടേർഡ് വിമാനങ്ങളിൽ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ വിദേശത്തുനിന്നും സ്വന്തം നിലയിൽ  കോവിഡ് പരിശോധന നടത്തിയിരിക്കണമെന്ന സംസ്ഥാന സർക്കാർ തീരുമാനം പ്രവാസികളോട് ചെയ്യുന്ന കടുത്ത അനീതിയാണെന്ന്  21 സംഘടനകളുടെ കൂട്ടായ്മയായ മക്ക ഇന്ത്യൻ അസോസിയേഷൻ (മിയ) പ്രസ്താവനയിൽ അറിയിച്ചു. 
വന്ദേഭാരത് വിമാനങ്ങളിൽ മടങ്ങുന്നവർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കാതെ, ചാർട്ടേർഡ് വിമാനങ്ങളിൽ  മാത്രം നാട്ടിലേക്ക് മടങ്ങുന്നവർക്ക് ടെസ്റ്റ് നിർബന്ധമാക്കിയത്  പ്രവാസികളെ നാട്ടിലേക്ക് മടങ്ങുന്നത് തടയാനുള്ള ഗൂഢാലോചനയാണെന്നും പ്രസ്താവനയിൽ ആരോപിച്ചു.

വന്ദേഭാരത് വിമാനങ്ങളിൽ സീറ്റ് ലഭിക്കാത്തവർക്ക് ചാർട്ടേഡ് ഫ്‌ലൈറ്റുകൾ വലിയ ആശ്വാസമായിരുന്നു. മാനസികമായി തളർന്നിരിക്കുന്ന പ്രവാസികളെ സർക്കാരിന്റെ വികലമായ ഇത്തരം നിയമങ്ങൾ വീണ്ടും ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. രോഗ ബാധിതർക്ക് കോവിഡ് ടെസ്റ്റ് നടത്തണമെങ്കിൽ ബുക്ക് ചെയ്ത് ദിവസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഒരു തവണ ടെസ്റ്റ് നടത്തി പോസിറ്റീവ് ആയവർക്ക് രണ്ടാമതൊന്ന് ടെസ്റ്റ് ചെയ്യാൻ പോലും അവസരമില്ലാത്ത അവസ്ഥയിൽ 48 മണിക്കൂറിനുള്ളിൽ ടെസ്റ്റ് ചെയ്ത റിസൾട്ട് വേണമെന്ന് സർക്കാർ ആവശ്യപ്പെടുന്നത്. മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ കഷ്ടപ്പെടുന്ന, ഭക്ഷണത്തിനുപോലും പ്രയാസപ്പെടുന്ന, രോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുന്ന പ്രവാസികളെ നാടണയാൻ ശ്രമിക്കുമ്പോഴാണ് 1500 റിയാലോളം  അധിക ബാധ്യത വരുന്ന ടെസ്റ്റ് നടത്താൻ സർക്കാർ നിർബന്ധിക്കുന്നത്. 

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വിമാനങ്ങളിൽ കോവിഡ് മൂലം ദുരിതത്തിലായ പ്രവാസികളെ  നാട്ടിലെത്തിക്കാൻ പര്യാപ്തമല്ലാത്ത സാഹചര്യത്തിലാണ് വിവിധ സന്നദ്ധ സംഘടനകൾ ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തി തുടങ്ങിയത്. കേരള സർക്കാർ ചാർട്ടേഡ് വിമാനങ്ങൾ  സ്വീകരിക്കാൻ  തയ്യാറല്ലെങ്കിൽ വന്ദേ ഭാരത് മിഷന്റെ കീഴിൽ കൂടുതൽ വിമാനങ്ങൾക്ക് അനുമതി നൽകി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് മിയ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. ഇത്തരം അടിയന്തിര ഘട്ടങ്ങളിൽ  പ്രവാസികളെ കുരുതിക്ക്  കൊടുക്കാതെ ചാർട്ടേർഡ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർ മാത്രം കോവിഡ് ടെസ്റ്റ് നടത്തണമെന്ന  ഇരട്ടത്താപ്പ് നയം ഉടൻ പിൻവലിക്കണമെന്നും  മക്ക ഇന്ത്യൻ അസോസിയേഷൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
 

Latest News