തിരുവനന്തപുരം- നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേരളത്തിന്റെ നടപടി അപ്രായോഗികവും ക്രൂരതയുമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മന്ത്രി വി.മുരളീധരന്‍.
ചാര്‍ട്ടര്‍ വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ വിമാനം കയറുന്നതിനു മുമ്പ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കേരളസര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഗള്‍ഫിലെ സംഘടനകളേയും ബന്ധപ്പെട്ടവരേയും അറിയിച്ചിരുന്നു. ഈ മാസം 20 മുതലാണ് ഇതിനു പ്രാബല്യം.
തികച്ചും അപ്രായോഗികമാണ് കേരളത്തിന്റെ നിര്‍ദേശമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഇത് സ്വന്തം ജനങ്ങളോടുള്ള ക്രൂരതയാണെന്ന് അദ്ദേഹം പറഞ്ഞു.
മിക്ക ഗള്‍ഫ് രാജ്യങ്ങളിലും പണം നല്‍കിയാലും കോവിഡ് പരിശോധന എളുപ്പമല്ലാത്ത സാഹചര്യത്തില്‍ പ്രവാസി സംഘടനകളില്‍നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനിടെയാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.
പ്രവാസി മലയാളികള്‍ നാട്ടിലെത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിമുഖതയാണ് പ്രകടമാകുന്നതെന്ന് വി.മുരളീധരന്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളൊന്നും ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.






