ഇന്ത്യയുടെ ഏറ്റവും പഴയ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് താരം വസന്ത് റൈജി(100) അന്തരിച്ചു


മുംബൈ- ഇന്ത്യയുടെ ഏറ്റവും പഴയ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് താരം വസന്ത് റൈജി (100) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് റൈജിയുടെ മരണമെന്ന് മരുമകന്‍ സ്ഥിരീകരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂര്‍ച്ഛിച്ച് അദ്ദേഹം മുംബൈയിലെ വാല്‍ക്കേശ്വരിയിലുള്ള വസതിയില്‍ വെച്ചാണ് മരിച്ചതെന്ന് അദ്ദേഹത്തിന്റെ മരുമകന്‍ സുദര്‍ശന്‍ നാനാവതി അറിയിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായി  ജീവിതം ആരംഭിച്ച റൈജിക്ക് ക്രിക്കറ്റിനോടുള്ള അമിതമായ സ്‌നേഹം അവഗണിക്കാന്‍ സാധിച്ചില്ല.

വലംകൈയ്യന്‍ ബാറ്റ്‌സ്മാനായ അദ്ദേഹം 1940കളില്‍ മുംബൈയ്ക്കും ബറോഡയ്ക്കും വേണ്ടി ഒന്‍പത് ഫസ്റ്റ്ക്ലാസ് മത്സരങ്ങളാണ് കളിച്ചത്. ഈ മത്സരത്തില്‍ 277 റണ്‍സ് എന്ന ഉയര്‍ന്ന സ്‌കോറായിരുന്നു അദ്ദേഹം സ്വന്തമാക്കിയത്. എന്നാല്‍ റൈജിയുടെ അരങ്ങേറ്റം മുംബൈയ്‌ക്കോ ബറോഡയ്‌ക്കോ വേണ്ടിയായിരുന്നില്ലെന്നും പറയാം. 1939ല്‍ നാഗ്പൂരിലെ സെന്‍ട്രല്‍ പ്രവിശ്യകളുമായും ബെറാറുമായും കൊമ്പുകോര്‍ത്ത മത്സരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്ലബിന് വേണ്ടിയായിരുന്നു അദ്ദേഹം ആദ്യം കളിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ഒരു ഡക്കിനായി പുറത്തായെങ്കിലും റൈജിയുടെ അരങ്ങേറ്റം അവിസ്മരണീയമായിരുന്നു.

1941ല്‍  ദക്ഷിണ മുംബൈയിലെ ബോംബെ ജിംഖാനയില്‍ ആദ്യ ടെസ്റ്റ് മത്സരം കളിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 13 വയസായിരുന്നു. ക്രിക്കറ്റിലെ അതികായരായ സുനില്‍ഗവാസ്‌കര്‍,സച്ചിന്‍ തെണ്ടുല്‍ക്കര്‍, മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ എന്നിവര്‍ റൈജിക്ക് നൂറ് വയസ് തികഞ്ഞ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയിരുന്നു. ഒരു ഭാര്യയും രണ്ട് പെണ്‍മക്കളുമാണുള്ളത്.
 

Latest News