ചാര്‍ട്ടര്‍ വിമാനം: കേരള സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം -പ്രവാസി ജിദ്ദ

ജിദ്ദ- ചാര്‍ട്ടര്‍ വിമാനങ്ങളില്‍ വരുന്നവര്‍ സ്വന്തം നിലയില്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്നും നെഗറ്റീവ് ആകുന്നവര്‍ക്ക് മാത്രം യാത്ര ചെയ്യാമെന്നുമുള്ള കേരള സര്‍ക്കാരിന്റെ നിബന്ധന അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ കമ്മിറ്റി പ്രസ്താവിച്ചു. യാതൊരുവിധ ന്യായീകരണവുമില്ലാത്ത ഈ വ്യവസ്ഥ മൂലം ആയിരങ്ങളാണ് കഷ്ടപ്പെടാന്‍ പോകുന്നത്. പരിമിതമായ വന്ദേ ഭാരത് വിമാനങ്ങളില്‍ അവസരം കിട്ടാത്തവര്‍ക്ക് ആശ്വാസമായ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളെ കൂടി ഇല്ലാതാക്കുന്നത്
പ്രവാസികളെ കൊലക്ക് കൊടുക്കുന്നതിന് തുല്യമാണ്. നാലോ അഞ്ചോ ദിവസങ്ങള്‍ക്ക് മുമ്പ് ടെസ്റ്റ് നടത്തി നെഗറ്റീവ് റിസള്‍ട്ട്് കിട്ടിയാല്‍ തന്നെ ഒരാള്‍ക്ക് അതിന് ശേഷം കോവിഡ് ബാധിക്കില്ല എന്നാണോ സര്‍ക്കാര്‍ കരുതുന്നത്? അതിനു ശേഷവും ഒരാള്‍ക്ക് രോഗം ബാധിക്കാമെന്നിരിക്കെ  പ്രവാസികള്‍ നാട്ടിലേക്ക് വരേണ്ടതില്ല എന്ന് പരോക്ഷമായി പറയുകയാണ്. വന്ദേ ഭാരത് വഴി വരുന്നവര്‍ക്ക് ഇത് ബാധകമല്ലെന്നത് ഏത് യുക്തിയുടെ അടിസ്ഥാനത്തിലാണെന്നും വിശദീകരിക്കേണ്ടതാണ്. നേരത്തെതന്നെ പ്രവാസികള്‍ നാട്ടിലെത്തുന്നതിനെ തടയാന്‍ പല വഴിക്കും ശ്രമിച്ച് പരാജയപ്പെട്ട കേരള സര്‍ക്കാരിന്റെ പുതിയ നീക്കമാണിതെന്ന കാര്യത്തില്‍ സംശയമില്ല. ഈ അനീതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. കേരള സര്‍ക്കാരിന്റെ പ്രവാസികളോടുള്ള നിഷേധാത്മക മനോഭാവം തിരുത്തണമെന്നും നാടണയാനുള്ള പ്രവാസികളുടെ അവകാശം ഇല്ലാതാക്കാനുള്ള നിലപാടില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും പ്രസിഡണ്ട് റഹീം ഒതുക്കുങ്ങല്‍, ജനറല്‍ സെക്രട്ടറി എം.പി അഷ്‌റഫ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

Tags

Latest News