റിയാദ്- ജൂണ്‍ 20 മുതല്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലേക്ക് തിരിക്കണമെങ്കില്‍ കോവിഡ് ടെസ്റ്റ് സ്വന്തം ചെലവില്‍ നടത്തി നെഗറ്റീവ് ആണെന്ന് തെളിയിക്കണമെന്ന സര്‍ക്കാരിന്റെ നിലപാട് അങ്ങേയറ്റം ധിക്കാ രപരമാണെന്ന് ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വാര്‍ത്ത കുറിപ്പില്‍ ആരോപിച്ചു. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. സംസ്ഥന സര്‍ക്കാര്‍ കരുതുന്നത് പോലെ കോവിഡ് ടെസ്റ്റ് സൗദി അറേബ്യ പോലുള്ള രാജ്യത്ത് നടത്തുക എളുപ്പമല്ല. കാശ് കൊടുത്താല്‍ പോലും ടെസ്റ്റ് നടത്താന്‍ ബുദ്ധിമുട്ടാണ്. കാര്യമായ ലക്ഷണമുള്ളവരെ മാത്രമേ ടെസ്റ്റ് നടത്താന്‍ അനുവദിക്കൂ എന്ന് ഏതൊരു ആള്‍ക്കും അറിയാവുന്ന കാര്യമാണ്. പ്രവാസികളെ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അതാത് രാജ്യത്തെ തങ്ങളുടെ പ്രവാസി സംഘടനാ പ്രതിനിധികളുമായി ആലോചിക്കണമെന്ന് സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വരുന്നവരെല്ലാം സാമ്പത്തികമായി നല്ല സ്ഥിതിയിലുള്ളവരാണെന്ന ധാരണ ശരിയല്ല. എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്ന് കരുതി സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെയാണ് പലരും വിമാന ടിക്കറ്റുകള്‍ എടുക്കുന്നത്. പ്രവാസികള്‍ സ്വന്തം പണം കൊടുത്തു നാട്ടിലേക്ക് പോകുന്ന പരിപാടിക്ക് 'വന്ദേ ഭാരത്' എന്ന പേരിട്ടു വിളിക്കുന്നത് പ്രഹസനമാണ്. ഇന്ത്യയേക്കാളും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാഷ്ട്രങ്ങളെല്ലാം തങ്ങളുടെ പൗരന്മാരെ സ്വന്തം ചെലവില്‍ നാട്ടില്‍ എത്തിക്കുന്നു. എന്നാല്‍ ഒരു വലിയ മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തില്‍ എല്ലാ തരത്തിലും സംസ്ഥാനവും കേന്ദ്രവും പ്രവാസികളെ അന്യരായി കണ്ട് പരമാവധി ബുദ്ധിമുട്ടിക്കുകയാണ്. ഇതിനെതിരെ എല്ലാ പ്രവാസി സംഘടനകളും പ്രതികരിക്കണമെന്ന് ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.