Sorry, you need to enable JavaScript to visit this website.

ചാര്‍ട്ടര്‍ വിമാനങ്ങളില്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ്; പ്രവാസ ലോകത്ത് രോഷം

ജിദ്ദ- ഈ മാസം 20 മുതല്‍ ചാര്‍ട്ടര്‍ വിമാനങ്ങളില്‍ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേരള സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രവാസ ലോകത്ത് രോഷം പുകയുന്നു.

വന്ദേഭാരത് വിമാനത്തില്‍ പോകുന്നവര്‍ക്ക് കോവിഡ് പരിശോധന ബാധകമല്ലെന്നത് എന്തടിസ്ഥാനത്തിലാണെന്ന് ചോദിക്കുന്ന പ്രവാസി സംഘടകള്‍ ഇത് പ്രവാസികളുടെ മടക്കം തടയാനുളള ഗൂഢാലോചനയാണെന്നും ആരോപിക്കുന്നു.

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക്  കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന കേരള സര്‍ക്കാരിന്റെ നിബന്ധന പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങുന്നതിന് തടയിടാനാണെന്ന് ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ആരോപിച്ചു. 

  കേന്ദ്ര സര്‍ക്കാരിന്റെ വന്ദേ ഭാരത് വഴി മതിയായ വിമാനങ്ങള്‍ ഏര്‍പെടുത്തി ജോലിയും കൂലിയുമില്ലാതെ കോവിഡ് ഭീഷണിയില്‍ കഷ്ടപ്പെടുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് കെഎംസിസി ഉള്‍പ്പെടെയുള്ള  പ്രവാസി സംഘടനകള്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയത്. എംബസിയിലും നോര്‍ക്കയിലും രജിസ്റ്റര്‍ ചെയ്ത് മാസങ്ങളായി കാത്തുനില്‍ക്കുന്ന , ജോലിയില്‍നിന്ന് പിരിച്ചു വിട്ടവരും  ഗര്‍ഭിണികളും രോഗികളും വിസാ കാലാവധി കഴിഞ്ഞവരും ഉള്‍പ്പെടെ നാട്ടിലെത്തേണ്ട പ്രവാസികളുടെ നിരന്തര ആവശ്യപ്രകാരമായിരുന്നു ഇത്.  ചാര്‍ട്ടര്‍ വിമാനങ്ങള്‍ വഴി വരുന്നവര്‍ക്ക് ടെസ്റ്റ് വേണമെന്നും, വന്ദേ ഭാരത് വഴി വരുന്നവര്‍ക്ക് ടെസ്റ്റ് വേണ്ടായെന്നുമുള്ള തീരുമാനത്തിലെ യുക്തി എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.


സന്നദ്ധ സംഘടനകള്‍ ചാര്‍ട്ടര്‍ ചെയ്യുന്ന വിമാനങ്ങളെ സ്വീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് പകരം അത്രയും  വിമാനങ്ങള്‍ വന്ദേ ഭാരത് മിഷന്‍ വഴി  ഷെഡ്യൂള്‍ ചെയ്ത് കോവിഡ് ടെസ്റ്റില്ലാതെ തന്നെ പ്രവാസികളെ കൊണ്ടുപോകാന്‍ സര്‍ക്കാര്‍ തയ്യാറാവണം. പ്രവാസികള്‍ നാട്ടിന്റെ നട്ടെല്ലാണെന്നു ഒരു ഭാഗത്ത് പത്രക്കാരെ വിളിച്ചു പറയുമ്പോള്‍ തന്നെ പിന്നാമ്പുറത്ത് അവര്‍ക്ക് നാട്ടിലെത്താനുള്ള എല്ലാ വഴികളും അടക്കുന്ന സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ട്.

സന്നദ്ധ സംഘടനകളുടെയും സുമനസുകളുടെയും സഹായത്താല്‍ കഴിയുന്ന സൗദിയിലെ ആയിരക്കണക്കിന് മലയാളികള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്താന്‍ ചുരുങ്ങിയത് ഒരാള്‍ക്ക് 500 റിയാല്‍ ചെലവ് വരും. സൗദി ആരോഗ്യ വകുപ്പിന് കീഴിലാണെങ്കില്‍ ഏറ്റവും കൂടുതല്‍ ലക്ഷണം കാണിക്കുന്ന രോഗികള്‍ക്ക് മാത്രമേ സൗജന്യ ടെസ്റ്റ് നടത്തൂ. ഒരാഴ്ചയോളം കഴിഞ്ഞാണ് പലര്‍ക്കും ടെസ്റ്റ് റിസള്‍ട്ട്  ലഭിക്കുന്നത്. ചാര്‍ട്ടേഡ് വിമാനത്തില്‍ തന്നെ പലരും സുമനസുകളുടെ സഹായത്താല്‍ അധിക ടിക്കറ്റ് നിരക്ക് കൊടുത്തു പോകാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ കോവിഡ് ടെസ്റ്റ് കൂടി നടത്തണമെന്ന് പറയുന്നത് അപ്രായോഗികവും ദ്രോഹവുമാണ് . പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള പദ്ധതികളെ തുടക്കം മുതല്‍ ഇടതു സര്‍ക്കാര്‍ വികലമായ പലവിധ വ്യവസ്ഥകള്‍ ഉപയോഗിച്ച്  തടയാന്‍ ശ്രമിക്കുകയാണ് . കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിബന്ധന ഒരു പ്രവാസിക്കുപോലും സൗദിയില്‍നിന്ന് നാടണയാന്‍ സാധിക്കാത്തവിധം തുരങ്കം വെക്കുന്നതാണ്. കെഎംസിസിയാണ് കൂടുതല്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഏര്‍പ്പാടാക്കുന്നത് എന്നതാണ് സര്‍ക്കാരിനെയും അതിനു നേതൃത്വം കൊടുക്കുന്ന സി.പി.എമ്മിനെയും  ചൊടിപ്പിക്കുന്നതെങ്കില്‍, സര്‍ക്കാര്‍ തന്നെ നേരിട്ട് വിമാനം ചാര്‍ട്ടര്‍ ചെയ്യാന്‍ തയ്യാറാവണം. ഇത് രാഷ്ട്രീയക്കളിക്കുള്ള സമയമല്ല. പാവപ്പെട്ട പ്രവാസികളെ മരണത്തിനു വിട്ടുകൊടുക്കാതെ ഏറ്റവും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികളാണ് വേണ്ടത്. സര്‍ക്കാര്‍ ഉടന്‍ പുനര്‍ വിചിന്തനം നടത്തി തീരുമാനം പിന്‍വലിക്കണമെന്ന് ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട്, സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര എന്നിവര്‍ ആവശ്യപ്പെട്ടു.

 

Latest News