ന്യുദല്‍ഹി- ബിജെപി കൊട്ടിഘോഷിച്ച് നടത്താനിരിക്കുന്ന ജനരക്ഷാ പദയാത്ര തുടങ്ങാനിരിക്കെ ഇടഞ്ഞ എന്‍ ഡി എ സഖ്യകക്ഷിയായ ഭാരത് ധര്‍മ ജന സേന (ബി ഡി ജെ എസ്)യെ അനുനയിപ്പിക്കാന്‍ ബിജെപി ദേശീയ നേതൃത്വം തിരക്കിട്ട ശ്രമങ്ങളാരംഭിച്ചു. ഇതിന്റെ ഭാഗമായി ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപള്ളിയെ ചര്‍ച്ചയ്ക്കായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇന്ന് അഹമ്മദാബാദിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ദല്‍ഹിയിലെത്തി സംഘാടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി റാം ലാലുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് അമിത് ഷാ-തുഷാര്‍ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങിയത്.
അതേസമയം, ജനരക്ഷാ മാര്‍ച്ച് നടക്കാനിരിക്കെ ഇപ്പോള്‍ വലിയ തരിച്ചടികള്‍ ഒഴിവാക്കാനായി ബിഡിജെഎസില്‍ നിന്നും കൂടുതല്‍ സമയം തേടാനാണ് അമിത് ഷായുടെ നീക്കമെന്നാണ് സൂചന. ബിജെപി മുഖ്യമന്ത്രിമാരേയും കേന്ദ്ര മന്ത്രിമാരേയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളേയും പങ്കെടുപ്പിച്ചു കൊണ്ട് ഒക്ടോബര്‍ മൂന്നു മുതല്‍ 17 വരെയാണ് ഈ ബിജെപി മാര്‍ച്ച്. പയ്യന്നൂരില്‍ അമിത് ഷായാണ് പദയാത്ര ഉല്‍ഘാടനം ചെയ്യുന്നത്. ഈ പദയാത്രയുമായി സഹരിക്കില്ലെന്ന കടുത്ത നിലപാട് ബിഡിജെഎസ് നേതൃത്വം സ്വീകരിച്ചതോടെയാണ് പ്രശ്‌നപരിഹാരത്തിന് ബിജെപി സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ സമീപിച്ചത്.
എന്‍ ഡി എ സഖ്യകക്ഷി എന്ന നിലയില്‍ നേരത്തെ ബിജെപി ദേശീയ നേതൃത്വം ബിജെഡിഎസിനു വാഗ്ദാനം ചെയ്തിരുന്ന കേന്ദ്ര പദവികള്‍ ലഭിക്കാതെ പോയതോടെയാണ് ബിജെഡിഎസ് ഇടഞ്ഞത്. ഇവ നടപ്പാക്കണമെന്ന് ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
പ്രധാനമായും സിപിഎമ്മിനെയും ഇസ്ലാമിസ്റ്റുകളേയും ഉന്നം വച്ചുകൊണ്ടുള്ള ഈ ബിജെപി പദയാത്ര ഇടുക്കി വയനാട് ജില്ലകളൊഴികെ മറ്റെല്ലാ ജില്ലകളിലൂടെയും കടന്നു പോകും. എന്‍ ഡി എ യോഗത്തില്‍ നിന്ന് വിട്ട് നിന്ന ബിജെഡിഎസിന്റെ കൂടി പങ്കാളിത്തം ഈ പദയാത്രയില്‍ ഉറപ്പു വരുത്താന്‍ അമിത് ഷാ സംസ്ഥാന നേതൃത്വത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഇതു സംബന്ധിച്ച് ബിജെഡിഎസ് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിജെപിയുടെ പദയാത്രതയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ച പാര്‍ട്ടി വേങ്ങര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലും എന്‍ ഡി എ സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചാരണ രംഗത്തിറങ്ങിയിട്ടില്ല.