ഹജ് സീസണ്‍ റദ്ദാക്കുന്നതിനെ കുറിച്ച് സൗദി പഠിക്കുന്നു; ഒരാഴ്ചക്കകം തീരുമാനം

റിയാദ് - ഈ വര്‍ഷത്തെ ഹജ് സീസണ്‍ റദ്ദാക്കുന്നതിനെ കുറിച്ച് സൗദി ഗവണ്‍മെന്റ് പഠിക്കുന്നതായി ഹജ്, ഉംറ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞ പശ്ചാത്തലത്തിലാണ് ഇക്കൊല്ലത്തെ ഹജ് സീസണ്‍ റദ്ദാക്കുന്നതിനെ കുറിച്ച് സൗദി അറേബ്യ ആലോചിക്കുന്നത്.

ഇക്കാര്യം ഏറെ ശ്രദ്ധയോടെ പഠിച്ചുവരികയാണ്. വ്യത്യസ്ത സാഹചര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഈ വര്‍ഷത്തെ ഹജുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കുള്ളില്‍ ഔദ്യോഗിക തീരുമാനമെടുക്കുമെന്നും ഹജ്, ഉംറ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഈ വര്‍ഷത്തെ ഹജ് സീസണ്‍ റദ്ദാക്കുന്നതിനെ കുറിച്ച് സൗദി അറേബ്യയുമായി കൂടിയാലോചനകള്‍ നടത്തിവരികയാണെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഹജ് റദ്ദാക്കുന്ന കാര്യത്തില്‍ സൗദി അറേബ്യ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.

 

Latest News