ന്യൂദല്‍ഹി- കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ദല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ വെന്റിലേറ്ററുകളും ഐ.സി.യുകളും നിറഞ്ഞ് കോവിഡ് ചികിത്സയില്‍ ഗുരുതരമായ സ്ഥിതിവിശേഷമുണ്ടാകുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ഇവിടങ്ങളിലെ നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ അടുത്ത മൂന്ന് മാസത്തേക്ക് ഐ.സി.യു കിടക്കകളും വെന്റിലേറ്ററുകളും ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. ദല്‍ഹിയില്‍ ജൂണ്‍ മൂന്നിന് തന്നെ ഐ.സി.യു കിടക്കകള്‍ ഒഴിവില്ലാതായതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോള്‍ വെന്റിലേറ്ററുകളും നിറഞ്ഞു. ഓക്‌സിജന്‍ സജ്ജീകരണമുള്ള ഐസൊലേഷന്‍ ബെഡുകള്‍ ജൂണ്‍ 25 ഓടെ നിറയുമെന്നും വിലയിരുത്തുന്നു.
കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ വിലയിരുത്തല്‍.






