വായിൽ  തോന്നിയതൊക്കെ പാട്ടോ?

ലിബറൽ സമൂഹത്തിൽ പരിശുദ്ധ പശുവെന്നൊന്നില്ല.ആരും വിമർശനത്തിനപ്പുറമല്ല.  എം ടി വാസുദേവൻ നായരും കമലും പോലും വിമർശിക്കപ്പെടാം.  കഠിനമായി വിമർശിക്കപ്പെടാം. വിമർശനത്തിനു പ്രകോപനമാകുമാറും വിമർശനത്തെ അപലപിച്ചുകൊണ്ടും സംസാരിക്കാൻ എം ടിക്കും കമലിനും അവകാശമുണ്ടുതാനും. താൻ ചുഴറ്റുന്ന വടി മാറ്റാന്റെ മൂക്കിൽ കൊള്ളരുതെന്ന വ്യവസ്ഥയേയുള്ളു.  അതിൽ കൂടുതൽ ഊക്കോടെയും വകതിരിവില്ലാതെയും വടി ചുഴറ്റുന്നത് ലിബറൽ സമൂഹത്തിനു ചേർന്നതല്ല.  
മധുരവും സൗമ്യവുമായ മുഖങ്ങളാണ് എം ടിയുടേതും കമലിന്റേതും.  വിവാദത്തിൽ ചെന്നു പെടുന്നതൊന്നും അവർ പറയാറില്ല. രണ്ടുപേരും ഇത്തവണ പതിവു തെറ്റിച്ച്, ആരെയൊക്കെയോ പ്രകോപിപ്പിക്കുന്ന വാക്കുകൾ പറഞ്ഞിരിക്കുന്നു.  പ്രകോപിപ്പിക്കപ്പെടാൻ തക്കം പാർത്തിരിക്കുന്നവർക്ക് അതേ വേണ്ടൂ.  അവർ പതിവു പോലെ പൗരത്വത്തിന്റെയും ദേശാഭിമാനത്തിന്റെയും അപ്രസക്ത പ്രസ്താവങ്ങളുമായി ഇറങ്ങിത്തിരിച്ചു.  അവർക്ക് ഹാലിളകാനുള്ള അവസരം കിട്ടുമ്പോൾ അവർ മാത്രമാണ് ആപൽക്കാരികൾ എന്നു കരുതുന്ന മറ്റൊരു കൂട്ടർക്ക് രസമായി.  അവരെ അടിച്ചിരുത്തുകയാണ് യുഗനിയോഗം എന്നു പ്രഖ്യാപിച്ചുകൊണ്ട് പുരോഗമനേച്ഛുകളുടെ പുറപ്പാട്.
എം ടിയും കമലും പറഞ്ഞതിന്റെ പുറവും അകവുംപൊളിച്ചുനോക്കേണ്ട കാര്യമില്ല.  അവരിൽനിന്നു പ്രതീക്ഷിക്കാത്തതോ അവർക്ക് ഒഴിവാക്കാമായിരുന്നതോ ആയ പ്രസ്താവങ്ങളും രാഷ്ട്രീയ രുചിയുള്ള വാക്കുകളും ഉണ്ടായെങ്കിൽ ഉണ്ടാകട്ടെ.  
അതവരുടെ ഇഷ്ടം.  പക്ഷേ അവർ പറഞ്ഞതിനെ ഖണ്ഡിക്കരുതെന്ന പുരോഗമനവാദമാണ് കഷ്ടം.  വാസ്തവത്തിൽ ആ പുരോഗമനക്കാരാണ്, എം ടിയെയും കമലിനെയും സ്വന്തം തട്ടകത്തിൽ എത്തിക്കാനുള്ള തത്രപ്പാടിൽ, പൗരത്വക്കോമരങ്ങളെ ഇളക്കിവിടാൻ സഹായിക്കുന്നത്.  എം ടിയും കമലും, ഒരു പക്ഷേ അവരറിയാതെ, ആക്രമണത്തിനു വിധേയരായി മാറുന്നു.  
പൗരത്വക്കോമരങ്ങളുടെ ഉതിരം കൊള്ളൽ ഏറ്റവും അധികം ഫലം ചെയ്തത് അവർക്കു തന്നെ.  പശുവിറച്ചി തിന്നുന്നതിനെപ്പറ്റി കേരളവർമ്മ കോളേജിലും മറ്റും ഉണ്ടായ വഴക്ക് അവർ മൂർഛിപ്പിച്ചതായിരുന്നു.  വെല്ലുവിളിയും വാഗ്വാദവുമായി അവർ ഇറച്ചിത്തീറ്റ രാഷ്ട്രീയവൽക്കരിച്ചു.  തീവ്രമായ രാഷ്ട്രീയമൊന്നുമില്ലാത്തവരെപ്പോലും മൂപ്പിച്ചു.
ആ പ്രചാരണത്തിന് വാശിക്കും കടുംപിടുത്തത്തിനും  അപ്പുറം എന്തോ കുൽസിത സ്വഭാവമുണ്ടായിരുന്നു.  വർഗീയതയുടേയോ ദേശാഭിമാനത്തിന്റെയോ പ്രശ്‌നമൊന്നുംകാര്യമായില്ലാതിരുന്ന ഒരു സംഭവമോർക്കുന്നു. 
വ്യാപാരത്തിലും ഫലിതത്തിലും ഒതുങ്ങിനിന്നതായിരുന്നു സീതി ഹാജിയുടെ രാഷ്ട്രീയം.  അതു ലീഗിന്റെ കമ്മട്ടത്തിലായെന്നു മാത്രം.  എവിടെയോ ആരോ പാക്കിസ്ഥാൻ കീ ജയ് എന്നു വിളിച്ചെന്നതിന്റെ പേരിലുണ്ടായ ബഹളം കത്തിക്കേറിയപ്പോൾ, ങ്ഹാ, എന്നാൽ നോക്കാമല്ലോ, ആ മുദ്രാവാക്യം തന്നെ ആവർത്തിച്ചാൽ എന്തുണ്ടാകും എന്നായി സീതി ഹാജി. നാലു കെട്ടുന്നതിനെതിരെ ശബ്ദം ഉയർന്നപ്പോൾ അദ്ദേഹം മറ്റൊരു മുദ്രവാക്യം എടുത്തെറിഞ്ഞു.  ഒന്നും കെട്ടും രണ്ടും കെട്ടും നാലും കെട്ടും സഖാവിന്റെ മോളേം കെട്ടും എന്നൊക്കെ അദ്ദേഹം പറഞ്ഞു പിടിപ്പിച്ചു.  വിശ്വാസമല്ല, വെറും വാശിയേ ഉണ്ടായിരുന്നുള്ളു.  അതു മതിയായിരുന്നു അന്തരീക്ഷം കൂടുതൽ കലുഷമാക്കാൻ.  
കഴിഞ്ഞ ദിവസം കമലിനെതിരെ തട്ടിക്കേറിയവരുടെയുക്തിയും കുയുക്തിയും അന്നും പ്രകടമായിരുന്നു.  ദേശീയ ഗാനം പാടണമെന്നോ  പാടരുതെന്നോ വാദിക്കാൻ മറ്റുള്ളവരെപ്പോലെ കമലിനും അവകാശമുണ്ടെന്നു സമ്മതിക്കണം. ആ അവകാശം ആരുടെയും ഔദാര്യമല്ല.  ഒരു ജനത മുഴുവൻ സ്വീകരിക്കുന്ന നിലപാടിനെതിരെ നില കൊള്ളാൻ മര്യാദയുടെയും സുരക്ഷയുടെയും പരിധി വരെ ഒരു വ്യക്തിക്ക് അവസരം അനുവദിക്കുന്നതാണ് ആ സമൂഹത്തിന്റെ മേന്മ.  അതു മനസ്സിലാക്കാതെ അങ്ങനെ നിലപാടെടുക്കുന്നവരെ ആട്ടിപ്പായിക്കുന്നവർ ആ ജനതയുടെയും സമൂഹത്തിന്റെയും നന്മയും മേന്മയും കളഞ്ഞുകുളിക്കുന്നവരാകും.  
ദേശാഭിമാനത്തിന്റെ  പേരിൽ ഗ്വാ ഗ്വാ വിളിക്കുന്നവർക്കെതിരെ നില കൊള്ളുന്നതാണ് സഖാക്കളുടെ ശീലം.  കോൺഗ്രസ്സിനെക്കാൾ അവർ ഭയപ്പെടുന്നതാണ് ബിജെപിയുടെ ഉയർച്ചയും വളർച്ചയും.  പണ്ടൊരിക്കൽ ഇന്ത്യ പതിനാറു രാഷ്ട്രങ്ങളുടെ സംഘാതമാണെന്നു വാദിച്ചിരുന്നു കമ്യൂണിസ്റ്റുകാർ.  മുസ്ലിങ്ങൾക്ക് പ്രത്യേകരാഷ്ട്രം വേണമെന്ന് ആദ്യം വാദിച്ചത് കമ്യൂണിസ്റ്റുകാരായിരുന്നു എന്ന് അവർ അവകാശപ്പെട്ടു.  
അതുകൊണ്ട് മുസ്ലിങ്ങളുടെ പിന്തുണ ലീഗിനെക്കാൾ കമ്യൂണിസ്റ്റു പാർട്ടിക്ക് കിട്ടുമെന്നു പോലും അവർ തെറ്റിദ്ധരിച്ചു. പിന്തുണക്കു വേണ്ടിയുള്ള മാറുന്ന രാഷ്ട്രീയം ആരെയും എങ്ങും എത്തിക്കില്ലെന്നു മനസ്സിലാക്കാൻ ഏറെ നേരം വേണ്ടി വന്നില്ല.  
അവർക്ക് പുരോഗമനത്തിന്റെ വാമൊഴി ഇറക്കാൻ അവസരം നൽകുന്നതാണ് പൗരത്വക്കോമരങ്ങളുടെ നീക്കം.  കടുത്ത ഹിന്ദുത്വത്തിൽനിന്ന് അകന്നതാണ് ബി ജെ പിയുടെ വളർച്ചയുടെ നിദാനം.  ബി ജെ പിയുടെ ആധുനികരണത്തിൽ ഈയിടെ ഉണ്ടായിട്ടുള്ള മുന്നേറ്റം ശ്രദ്ധേയമായിരിക്കുന്നു.  ക്ഷേത്രത്തിന്റെയും പൂജയുടെയും കാര്യം മറ്റെല്ലാ ചിന്തയെയും
തിരസ്‌ക്കരിക്കുന്ന പ്രവണത മാറി.  ഒരു പക്ഷേ നരേന്ദ്ര മോഡി ഓർക്കപ്പെടുക സാമ്പത്തിക പരിഷ്‌ക്കാരങ്ങളുടെ പേരിലായിരിക്കും.  
സാംസ്‌ക്കാരിക ദേശീയത അതിനു പിന്നാലെയോ അതോടു ചേർന്നോ മാത്രമേ ഉണ്ടാവുകയുള്ളു.  കോൺഗ്രസ്സിനു ബദലായി വന്നിരിക്കുന്ന ഒരു പാർട്ടി ആ നിലക്കു വേണം മുന്നേറാൻ.
ആളുകളുടെ പൗരത്വം ചോദ്യം ചെയ്യാനും ദേശാഭിമാനം സംശയിക്കാനും അവരെ തുരത്താനും അവർക്ക് പാർക്കാൻ പറ്റിയ ഇടം നിർദ്ദേശിക്കാനുമൊക്കെ മുതിരുന്ന കുറിയ നേതാക്കളുടെ പാർട്ടിക്ക് വലിയൊരു രാജ്യത്തിന്റെ വലിയൊരു പൈതൃകത്തിന്റെ വലിയൊരു കക്ഷിയുടെ നിലയിലേക്ക് ഉയരാൻ വിഷമമാകും.  

Latest News