ന്യൂദല്‍ഹി- ദല്‍ഹിയില്‍ മൃഗങ്ങളേക്കാള്‍ മോശമായാണ് കോവിഡ് രോഗികളെ കൈകാര്യം ചെയ്യുന്നതെന്ന് സുപ്രീം കോടതി. ദേശീയ തലസ്ഥാനത്ത് കോവിഡ് രോഗികള്‍ ഗണ്യമായി വര്‍ധിച്ച സാഹചര്യത്തിലാണ് ദല്‍ഹി സര്‍ക്കാരിന് രൂക്ഷ വിമര്‍ശം.
മാലിന്യകൂമ്പാരത്തിലാണ് ഒരു മൃതദേഹം കണ്ടെത്തിയതെന്നും മൃഗങ്ങളേക്കാള്‍ മോശമാണ് കോവിഡ് രോഗികളെ ചികിത്സിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
നഗരത്തില്‍ കോവിഡ് പരിശോധന കുറഞ്ഞതിന്റെ കാരണം വിശദീകരിക്കാന്‍ കോടതി കെജ് രിവാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചെന്നൈയിലും മുംബൈയിലും കോവിഡ് ടെസ്റ്റ് 16,000-17000 ആയപ്പോള്‍ ദല്‍ഹിയില്‍ എന്തുകൊണ്ട് 7000 ല്‍നിന്ന് 5000 ആയെന്ന് സുപ്രീം കോടതി ചോദിച്ചു.
മഹാരാഷ്ട്രക്കും തമിഴ്‌നാടിനും ശേഷം ദല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 1085 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ദല്‍ഹിയില്‍ 34,687 കോവിഡ് കേസുകള്‍ ഉണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്.






