Sorry, you need to enable JavaScript to visit this website.

റോഹിംഗ്യൻ അഭയാർഥികളെ പുറത്താക്കരുതെന്ന് വരുൺ ഗാന്ധി

ന്യൂദൽഹി- റോഹിംഗ്യൻ അഭയാർഥികളെ രാജ്യത്തുനിന്ന് പുറത്താക്കരുതെന്ന് ബി.ജെ.പി എം.പി വരുൺ ഗാന്ധി. എന്നാൽ, പാർട്ടി എം.പിയുടെ അഭിപ്രായം രാജ്യതാത്പര്യത്തിന് വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ് രാജ് അഹിർ രംഗത്തെത്തി. 
നവഭാരത് ടൈംസിൽ എഴുതിയ ഒരു ലേഖനത്തിലാണ് കേന്ദ്ര സർക്കാർ നിലപാടിൽനിന്നു വിരുദ്ധമായി റോഹിംഗ്യൻ വിഷയത്തിൽ വരുൺ ഗാന്ധി അഭിപ്രായം പങ്കുവെച്ചത്. മ്യാൻമറിൽനിന്നു പുറത്താക്കിയ റോഹിംഗ്യൻ വംശജർക്ക് ഇന്ത്യ അഭയം നൽകണം. ഇതിനായി ഇന്ത്യ ഒരു അഭയാർഥി നയത്തിന് രൂപം നൽകണം. അതിനുപുറമേ മ്യാൻമാറിൽനിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും കുടിയേറുന്നവർ ദൽഹിയിൽ വീടും ജോലിയും അന്വേഷിക്കുമ്പോൾ നേരിടേണ്ടി വരുന്ന വിവേചനങ്ങളും കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ മകനായ വരുൺ ഗാന്ധി തന്റെ ലേഖനത്തിൽ ചൂണ്ടിക്കാട്ടി. 
എന്നാൽ, രാജ്യതാത്പര്യം ഉള്ളിലുള്ള ആർക്കും ഇത്തരം പ്രസ്താവനകൾ നടത്താൻ കഴിയില്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ് രാജ് അഹിർ പ്രതികരിച്ചത്. സർക്കാർ അതിന്റെ കടമ നിർവഹിക്കുന്നുണ്ട്. മോഡി സർക്കാർ ഈ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത പുലർത്തുന്നുണ്ട്. ആരെങ്കിലും മാനുഷിക വശം ഉയർത്തിപ്പിടിക്കുകയാണെങ്കിൽ ഈ വിഷയം നന്നായി പഠിക്കുകയാണു വേണ്ടതെന്നാണ് ബി.ജെ.പി നേതാക്കളുടെ നിലപാട്. തുടർന്ന് താൻ അഭയാർഥികളോട് അനുകമ്പ പ്രകടിപ്പിക്കുകയായിരുന്നെന്നും എല്ലാ അഭയാർഥികളും ദേശീയ സുരക്ഷ സംബന്ധിക്കുന്ന വിഷയങ്ങൾ കണക്കിലെടുക്കണമെന്നും വരുൺ ഗാന്ധി ട്വിറ്ററിൽ വ്യക്തമാക്കി.
റോഹിംഗ്യൻ വംശജർ അഭയാർഥികൾ അല്ലെന്നും അനധികൃത കുടിയേറ്റക്കാർ മാത്രമാണെന്നുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞത്. സുപ്രീംകോടതിയിലും സർക്കാർ ഇതേ നിലപാടാണു സ്വീകരിച്ചത്. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ റോഹിംഗ്യൻ വംശജർ രാജ്യസുരക്ഷക്കു ഭീഷണിയാണെന്നു വ്യക്തമാക്കിയിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന ബി.ജെ.പി നിർവാഹക സമിതി യോഗത്തിലും റോഹിംഗ്യൻ വിഷയത്തിൽ സർക്കാർ നിലപാടിനെ പിന്തുണക്കുന്നതായി ബി.ജെ.പി പ്രമേയം പാസാക്കിയിരുന്നു.
 

Latest News