കണ്ണൂർ- കോർപ്പറേഷനിലെ ഡപ്യൂട്ടി മേയർ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ പി.കെ രാഗേഷ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 28 വോട്ടുകൾ നേടിയാണ് പി.കെ രാഗേഷ് വിജയിച്ചത്. എൽ.ഡി.എഫിലെ വെള്ളോറ രാജന് 27 വോട്ടുകൾ ലഭിച്ചു. നേരത്തെ മുസ്ലിം ലീഗിലെ കെ.പി.എ സലീം പിന്തുണ പിൻവലിച്ചതാണ് വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. എന്നാൽ കെ.പി. എ സലീമിനെ വീണ്ടും ലീഗ് അനുനയിപ്പിച്ച് യു.ഡി.എഫിനൊപ്പം ചേർത്തു. ഇതോടെയാണ് രാഗേഷിന് വിജയം സാധ്യമായത്. കോർപ്പറേഷനിൽ യു.ഡി.എഫിന് 28ഉം എൽ.ഡി.എഫിന് 27 ഉം അംഗങ്ങളാണുള്ളത്.