മുംബൈ- മഹാരാഷ്ട്രയില്‍ ഒരു മന്ത്രിക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ അഞ്ച് പേഴ്‌സണല്‍ സ്റ്റാഫിനും വൈറസ് ബാധയുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയുടെ ഫലമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.മന്ത്രിയെയും പേഴ്‌സണല്‍ സ്റ്റാഫുകളെയും ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര നിയമസഭയിലെ മൂന്നാമത്തെ മന്ത്രിക്കാണ് കോവിഡ് വൈറസ് ബാധയുണ്ടാകുന്നത്.
മെയ് മാസം മന്ത്രി അശോക് ചവാനും ഏപ്രിലില്‍ ആഭ്യന്തരമന്ത്രി ജിതേന്ദ്ര അവ്വാദിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം വൈറസില്‍ നിന്ന് മുക്തനായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജായിട്ടുണ്ട്.
ഇന്നലെ 3607 പുതിയ കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 152 പേര്‍ മരിക്കുകയും ചെയ്തിരുന്നു. 97648 കോവിഡ് കേസുകളാണ് സംസ്ഥാനത്താകെയുള്ളത്. 46,078 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തിട്ടുണ്ട്. 3590 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.