Sorry, you need to enable JavaScript to visit this website.

കാലാപാനിയും ലിപുലേഖും നേപ്പാളിന്റേത്;  ചര്‍ച്ചയിലൂടെ തിരിച്ച് പിടിക്കുമെന്ന് നേപ്പാള്‍

കാഠ്മണ്ഡു- ഇന്ത്യപിടിച്ചടക്കിയ നേപ്പാളിന്റെ ഭൂമി ചര്‍ച്ചയിലൂടെ തിരിച്ചുപിടിക്കുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി. കാലാപാനി പ്രശ്‌നം നയതന്ത്ര ചര്‍ച്ചയിലൂടെ ചരിത്രപരമായ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേപ്പാളിന്റെ ഭൂമി കൈയേറിയാണ് ഇന്ത്യ കാലാപാനിയില്‍ കാളീ ക്ഷേത്രവും കൃത്രിമ കാളീ നന്ദിയും നിര്‍മ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ നദിയാണ് ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയായി പരിഗണിക്കുന്നത്. കാലാപാനിയും ലിപുലേഖും നേപ്പാളില്‍ ഉള്‍പ്പെടുത്തി പുതിയ രാഷ്ട്രീയ ഭൂപടം നേപ്പാള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. അതിന് പിന്നാലെ മറുപടിയുമായി ഇന്ത്യയും രംഗത്തുവന്നു. പുതിയ ഭൂപടത്തെയും എതിര്‍ത്ത ഇന്ത്യ നേപ്പാളിന്റെ പ്രദേശം കൈയേറിയിട്ടില്ലെന്നും വ്യക്തമാക്കി.
ഉത്തരാഖണ്ഡിലെ ധര്‍ച്ചുളയില്‍ നിന്ന് ലിപുലേഖിലേക്ക് 80 കിലോമീറ്റര്‍ റോഡ് മെയ് എട്ടിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തതിന് ശേഷമാണ് ഇരുരാജ്യങ്ങളും അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. നേപ്പാളിന്റെ പ്രദേശങ്ങളിലൂടെയാണ് ഇന്ത്യ റോഡ് നിര്‍മിച്ചതെന്നാണ് അവര്‍ ആരോപിച്ചത്.
 

Latest News