കോഴിക്കോട് - കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു. 2019 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. ഇന്നലെ
വൈകിട്ട് കലക്ടറേറ്റിലെത്തി ജില്ലാ കലക്ടർ മുമ്പാകെയാണ് ചുമതലയേറ്റത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രണ്ടാഴ്ച തിരുവനന്തപുരത്ത് ക്വാറന്റൈനിലായിരുന്നു. കോവിഡ് കാലത്ത് ചുമതലയേൽക്കുന്നത് വലിയ ഉത്തരവാദിത്തമായാണ് നൽകുന്നതെന്ന് ശ്രീധന്യ പറഞ്ഞു.
ഭരണരംഗത്തെ കുറിച്ച് കൂടുതൽ പഠിക്കാനും മനസ്സിലാക്കാനും ഇതിലൂടെ സാധിക്കും. കോഴിക്കോട് എന്റെ രണ്ടാമത്തെ വീടാണ്. ഞാൻ പഠിച്ചതും എന്നെ ചിന്തിക്കാൻ പ്രേരിപ്പിച്ചതുമായ ഒരുപാട് ഘടകങ്ങൾ ഇവിടെയുണ്ട്. വലിയൊരു ചുമതലയിലേക്കാണ് കാലെടുത്തുവച്ചത്. ആത്മാർഥയോടെ അതൊക്കെ ചെയ്യും.
2016 ൽ ട്രൈബൽ ഡിപ്പാർട്ട്‌മെന്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുമ്പോൾ തനിക്കുണ്ടായ ഒരു അനുഭവമാണ് സിവിൽ സർവീസിലേക്ക് എത്തിച്ചത്. അന്ന് വയനാട് സബ് കലക്ടറായിരുന്ന, നിലവിൽ കോഴിക്കോട് ജില്ലാ കലക്ടർ സാംബശിവ റാവുവിന് ഒരു പരിപാടിക്കിടെ ലഭിച്ച സ്വീകരണങ്ങളും പ്രതികരണങ്ങളുമാണ് ആഗ്രഹങ്ങൾ വളർത്തിയത്. അദേഹത്തിന്റെ കീഴിൽ ജോലിചെയ്യാൻ കഴിയുന്നത് വലിയ സന്തോഷമാണ് നൽകുന്നത് ശ്രീധന്യ സുരേഷ് പറഞ്ഞു.
എട്ട് വർഷത്തെ ഔദ്യോഗിക ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമാണ് ശ്രീധന്യയുടെ ഐ.എ.എസ് നേട്ടമെന്ന് ജില്ലാ കലക്ടർ സാംബശിവറാവു പറഞ്ഞു. പരിമിതമായ ജീവിത സാഹചര്യത്തിൽനിന്ന് പൊരുതിനേടിയ ശ്രീധന്യയുടെ നേടിയ വിജയത്തിൽ തന്റെ സന്തോഷത്തിന് അതിരില്ലായെന്നും ജില്ലാ കലക്ടർ പറഞ്ഞു.
കേരളത്തിൽ ആദിവാസി വിഭാഗത്തിൽനിന്ന് സിവിൽ സർവീസ് പരീക്ഷ ജയിക്കുന്ന ആദ്യത്തെ ആളാണ് ശ്രീധന്യ സുരേഷ്. തരിയോട് നിർമല ഹൈസ്‌കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശ്രീധന്യ, കോഴിക്കോട് ദേവഗിരി കോളേജിൽനിന്ന് സുവോളജിയിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽനിന്ന് ബിരുദാനന്ദര ബിരുദം പൂർത്തിയാക്കിയശേഷമാണ് സിവിൽ സർവീസ് പരിശീലനത്തിന് പോയത്. രണ്ടാമത്തെ പരിശ്രമത്തിലായിരുന്നു ശ്രീധന്യയ്ക്ക് സിവിൽ സർവീസ് ലഭിച്ചത്.