പ്രവാസികളുടെ പ്രതിഷേധം ഫലം കണ്ടു; കൂട്ടിയ നിരക്ക് എയര്‍ഇന്ത്യ പിന്‍വലിച്ചു

ദമാം- കോവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രവാസ ലോകത്ത് കുടുങ്ങിപ്പോയവര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വന്ദേ ഭാരത് മിഷന്‍ വിമാന സര്‍വീസില്‍ ഇരട്ടിയായി വര്‍ധിപ്പിച്ച നിരക്ക് എയര്‍ ഇന്ത്യ പിന്‍വലിച്ചു.

ശനിയാഴ്ച ദമാമില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ട വിമാനത്തില്‍ ടിക്കറ്റ് എടുത്തവര്‍ക്ക് അധിക തുക തിരിച്ചു നല്‍കുന്നുണ്ട്. പുതുതായി ടിക്കറ്റ് എടുക്കുന്നവരില്‍നിന്ന് പുതിയ നിരക്ക് അനുസരിച്ച് 900 റിയാല്‍ മാത്രമാണ് ഈടാക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് നിരക്കു കുറച്ചുകൊണ്ട് എയര്‍ ഇന്ത്യയുടെ  പുതിയ ഉത്തരവ് പുറത്തു വന്നത്.

സൗദിയില്‍നിന്ന് കേരളത്തിലെ വിവിധ സെക്ടറുകളിലേക്ക് പൊടുന്നനെയാണ് എയര്‍ ഇന്ത്യ ചാര്‍ജ് ഇരട്ടിയായി വര്‍ധിപ്പിച്ചിരുന്നത്. പ്രവാസി സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം ഉയരുകയും വിവിധ സാമൂഹിക സാംസ്്്ക്കാരിക സംഘടനകള്‍ ഭീമമായ നിരക്ക് വര്‍ധനക്കെതിരെ  രംഗത്തു വരികയും ചെയ്തു.

കഴിഞ്ഞ ദിവസം കണ്ണൂരിലേക്കും ഇന്ന്്് രാവിലെ കൊച്ചിയിലേക്കും എയര്‍ ഇന്ത്യ വിമാനങ്ങള്‍ സര്‍വീസ് നടത്തിയപ്പോള്‍ യാത്രക്കാരില്‍നിന്ന് 1750 മുതല്‍ 1850 റിയാല്‍ വരെയാണ് വിമാനക്കൂലി വാങ്ങിയിരുന്നത്. നേരത്തെ  850 റിയാല്‍ മുതല്‍ 900 റിയാല്‍ വരെയായിരുന്നു ചാര്‍ജ്.

 

 

 

 

Latest News