Sorry, you need to enable JavaScript to visit this website.

പനമരം പീപ്പിൾസ് വില്ലേജ് ഉദ്ഘാടനം ശനിയാഴ്ച; രാഹുൽ ഗാന്ധി മുഖ്യാതിഥി

  • 2018 പ്രളയ പുനരധിവാസ പദ്ധതി പൂർത്തീകരണ പ്രഖ്യാപനം
  • പീപ്പിൾസ് വില്ലേജിൽ 25 വീടുകളും അനുബന്ധ സൗകര്യങ്ങളും

വയനാട് - 2018 പ്രളയാനന്തര കേരള പുനർനിർമാണത്തിന്റെ ഭാഗമായി പീപ്പിൾസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ച  പുനരധിവാസ പദ്ധതികൾ പൂർത്തിയായി. പദ്ധതിയുടെ  സമാപന പ്രഖ്യാപനവും പനമരം പീപ്പിൾസ് വില്ലേജ് ഉദ്ഘാടനവും ജൂൺ 13 ന് രാവിലെ 11 മണിക്ക് നടക്കും. രാഹുൽ ഗാന്ധി എം.പി വീഡിയോ കോൺഫറൻസ് വഴി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ മുഹമ്മദലി പത്രസമ്മേളനത്തിൽ അറിയിച്ചു.

പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ തുടക്കം മുതലേ പീപ്പിൾസ് ഫൗണ്ടേഷൻ രംഗത്തുണ്ടായിരുന്നു. രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുനരധിവാസ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നത്. വീടുകളുടെ നിർമാണവും കേടുപാടുകൾ സംഭവിച്ച വീടുകളുടെ പൂർത്തീകരണത്തിനും പുറമെ ജീവനോപാധികൾ നൽകൽ, വിവിധ ആശുപത്രികളുമായി സഹകരിച്ച് ഹെൽത്ത് കാർഡ് വിതരണം, കുടിവെള്ള പദ്ധതികൾ,  വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുകൾ, സ്‌കൂൾ കിറ്റുകൾ, ലാപ്‌ടോപ്പ് വിതരണം തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കി. 

ഗവൺമെന്റിന്റെ സഹായത്തിന് അർഹരാണെങ്കിലും സാങ്കേതിക കാരണങ്ങളാൽ അത്തരം പദ്ധതികളുടെ ഗുണഭോക്താക്കളാകുന്നതിൽ പ്രയാസം നേരിട്ടവരുമായവർക്കാണ്  പീപ്പിൾസ് ഫൗണ്ടേഷൻ പദ്ധതികളിൽ മുൻഗണന നൽകിയത്. പീപ്പിൾസ് ഫൗണ്ടേഷൻ കോഡിനേറ്റർമാർ നേരിട്ട് സർവ്വേ നടത്തിയാണ് അർഹരായവരെ കണ്ടെത്തിയത്. 
വിവിധ ഏജൻസികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയും 25 കോടി രൂപ ചെലവ് വരുന്ന പദ്ധതികളാണ് ഫൗണ്ടേഷൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. 300 പുതിയ വീടുകൾ, 1000 വീടുകളുടെ അറ്റകുറ്റപ്പണികൾ, 1000 സ്വയം തൊഴിൽ പദ്ധതി, 50 കുടിവെള്ള പദ്ധതികൾ, സ്‌കോളർഷിപ്പ്, ചികിത്സ തുടങ്ങി ജനങ്ങളുടെ അതിജീവനത്തിന് വേണ്ടി പ്രഖ്യാപിച്ച മുഴുവൻ പദ്ധതികളും നേരത്തെ പ്രഖ്യാപിച്ച പോലെ രണ്ട് വർഷം കൊണ്ട് പീപ്പിൾസ് ഫൗണ്ടേഷന് സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞു. 
വയനാട് പനമരത്ത്  പ്രളയബാധിതരായ ഭൂരഹിതർക്ക് വേണ്ടി നിർമ്മിച്ച പീപ്പിൾസ് വില്ലേജ് പദ്ധതി  പ്രളയ പുനരധിവാസ പദ്ധതികളിൽ ശ്രദ്ധേയമായതാണ്. 25 വീടുകൾ, പ്രീസ്‌കൂൾ,  പ്രാഥമികാരോഗ്യകേന്ദ്രം, കളി സ്ഥലം എന്നിവ ഉൾക്കൊള്ളുന്നതാണ് ഈ പദ്ധതി. മലപ്പുറം നമ്പൂരിപെട്ടി, കോട്ടയം ഇല്ലിക്കൽ, വയനാട്ടിലെ തന്നെ മാനന്തവാടി, മീനങ്ങാടി എന്നിവിടങ്ങളിലെ പീപ്പിൾസ് വില്ലേജുകളും പുനരധിവാസ പദ്ധതികളിൽ ഉൾപ്പെടുന്നതാണ്. 

 

പദ്ധതി സമാപന പ്രഖ്യാപന ചടങ്ങിൽ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പി.വി അബ്ദുൽ വഹാബ് എം.പി, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അമീർ സയ്യിദ് സആദത്തുള്ള ഹുസൈനി, സെക്രട്ടറി ജനറൽ ടി. ആരിഫലി, കേരള അമീർ എം.ഐ അബ്ദുൽ അസീസ്, എം.എൽ.എമാരായ ഐ.സി ബാലകൃഷ്ണൻ, സി.കെ ശശീന്ദ്രൻ, ഒ.ആർ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, വയനാട് ജില്ലാ കലക്ടർ ഡോ. അദീല അബ്ദുല്ല, പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ മുഹമ്മദലി, ജമാഅത്തെ ഇസ്‌ലാമി കേരള അസി. അമീർ പി. മുജീബ് റഹ്മാൻ, വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി, പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം. അബ്ദുൽ മജീദ്, പനമരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണ തുടങ്ങി സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കും. 


ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പൊതുജനങ്ങൾക്ക് സാമൂഹിക മാധ്യമങ്ങൾ വഴി പരിപാടി വീക്ഷിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്.

പീപ്പിൾസ് ഫൗണ്ടേഷന്റെ 10 കോടി രൂപ ചെലവ് വരുന്ന 2019 പ്രളയ പുനരധിവാസ പദ്ധതികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പ്രളയത്തിൽ ഏറെ നാശനഷ്ടം നേരിട്ട 600 ൽ പരം ചെറുകിട കച്ചവടക്കാർക്കുള്ള പുനരധിവാസ പദ്ധതിയാണ് ആദ്യം നടപ്പാക്കിയത്. പാരിസ്ഥിതിക സംരക്ഷണം ലക്ഷ്യമാക്കി പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി 50000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചു. ഇൻഫാഖ് സസ്‌റ്റൈനബിൾ ഡെവലപ്പ്‌മെൻറ് സൊസൈറ്റിക്ക് കീഴിലുള്ള അയൽക്കൂട്ടങ്ങൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. 140 വീടുകൾ നിർമ്മിച്ചു നൽകാനുള്ള പദ്ധതിയും വിവിധ ഘട്ടങ്ങളിലാണ്. 2019 പ്രളയ പുനരധിവാസ പദ്ധതികളും  ഈ വർഷം തന്നെ പൂർത്തീകരിക്കും 
പീപ്പിൾസ് ഫൗണ്ടേഷൻ ട്രസ്റ്റ് അംഗം സാദിഖ് ഉളിയിൽ, പീപ്പിൾസ് ഫൗണ്ടേഷൻ ട്രഷറർ കളത്തിൽ ഫാറൂഖ്, ജമാഅത്തെ ഇസ്‌ലാമി വയനാട് ജില്ലാ പ്രസിഡൻറ് ടി. പി യൂനുസ്, ജമാഅത്തെ ഇസ്‌ലാമി വയനാട് ജില്ലാ സെക്രട്ടറി സി.കെ സമീർ, പുനരധിവാസ സമിതി വയനാട് ജില്ല കൺവീനർ, നവാസ് പൈങ്ങോട്ടായി, മീഡിയ സെക്രട്ടറി ഖാലിദ് പനമരം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. 

പീപ്പിൾസ് വില്ലേജ് 

വയനാട് - 2018 പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട് പനമരം പന്ത്രണ്ടാം വാർഡിൽ കരിമ്പുമ്മൽ -നീരട്ടാടി റോഡിൽ പുഷ്പഗിരി ആശ്രമത്തിനു സമീപമായാണ് പീപ്പിൾസ് വില്ലേജ് സ്ഥാപിച്ചത്. പീപ്പിൾസ് ഫൗണ്ടേഷൻ 40 ലക്ഷം രൂപക്ക് വാങ്ങിയ രണ്ടര ഏക്കറിൽ രണ്ടര കോടി രൂപ ചിലവിലാണ് 25 വീടുകൾ, പ്രീ സ്‌കൂൾ, കമ്യൂണിറ്റി സെന്റർ, കുടിവെള്ള പദ്ധതി, കളി സ്ഥലം തുടങ്ങിയ വിവിധ സംവിധാനങ്ങൾ ഉൾപ്പെടുത്തിയ പീപ്പിൾസ് വില്ലേജ്. 2 ബെഡ്‌റൂമുകൾ, ഹാൾ, കിച്ചൺ, ടോയ്‌ലറ്റ് എന്നിവ അടങ്ങുന്നതാണ് ഓരോ വീടുകളും. 
പണിപൂർത്തിയായി മൂന്ന് മാസമായി താക്കോൽ കൈമാറ്റത്തിന് രണ്ട് തവണ തീയ്യതി നിശ്ചയിച്ചിരുന്നെങ്കിലും ലോകത്തെ തന്നെ പ്രതിസന്ധിയിലാക്കിയ കൊറോണ വൈറസ് കാരണം താക്കോൽദാനം നീട്ടിവെക്കേണ്ടി വരികയായിരുന്നു.

Latest News