പതിറ്റാണ്ടുകളായി തുടരുന്ന നാടകം കെ.എസ്.ഇ.ബി ആവർത്തിക്കുകയാണ്. ഉപേക്ഷിച്ചു എന്നു നിയമസഭയിൽ പോലും പ്രഖ്യാപിക്കപ്പെട്ട അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിലാണ് കെ.എസ്.ഇ.ബി. സർക്കാറാകട്ടെ, ജനാധിപത്യത്തിന്റെ ശ്രീകോവിലെന്നു വിശേഷിപ്പിക്കപ്പെടുന്ന ജനപ്രതിനിധി സഭക്ക് ഒരു വിലയും കൊടുക്കാതെ കേന്ദ്രാനുമതിക്കുള്ള നടപടികൾക്കായി കെ.എസ്.ഇ.ബിക്ക് എൻ.ഒ.സി നൽകിയിരിക്കുകയാണ്. ഏഴ് വർഷത്തേക്കാണ് എൻ.ഒ.സി നൽകിയിട്ടുള്ളത്. നേരത്തേ പദ്ധതിക്ക് കേന്ദ്രത്തിന്റെ പരിസ്ഥിതി, സാങ്കേതിക അനുമതികൾ ലഭിച്ചിരുന്നതാണ്. എന്നാൽ 2017 ജൂലൈ 18 ന് പാരിസ്ഥിതിക അനുമതിയുടെ കാലാവധി അവസാനിച്ചിരുന്നു. പദ്ധതി നടപ്പാക്കില്ലെന്ന് 2018 ജൂലൈയിൽ വൈദ്യുതി മന്ത്രി എം.എം. മണി നിയമസഭയിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ജലവൈദ്യുത പദ്ധതികളോടുള്ള ആർത്തി സഹിക്കാത്ത കെ.എസ്.ഇ.ബി 2019 ഒക്ടോബർ 30 ന് വീണ്ടും സംസ്ഥാന സർക്കാറിനെ സമീപിക്കുകയായിരുന്നു. അതാകട്ടെ, രണ്ടു പ്രളയാനുഭവങ്ങൾക്കു ശേഷവും കോവിഡ് ഭീഷണിയിൽ ലോകത്തോടൊപ്പം സംസ്ഥാനവും ലോക്കൗട്ട് നിയന്ത്രണങ്ങൾ പാലിക്കുമ്പോഴും. ദുരന്ത കാലങ്ങൾ ഭരണകൂടങ്ങൾ പലപ്പോഴും ആഘോഷമാക്കുമെന്ന് പല ചിന്തകരും ചൂണ്ടിക്കാട്ടിയിട്ടുണ്ടല്ലോ. അതാണിവിടെ നടക്കുന്നത് എന്നു കരുതണം.
2018 ലെ പ്രളയത്തെ രൂക്ഷമാക്കുന്നതിൽ ഡാമുകൾ വഹിച്ച പങ്ക് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. എന്നാൽ അതംഗീകരിക്കാൻ സർക്കാറും കെ.എസ്.ഇ.ബിയും ഇന്നും തയാറല്ല. നേരേതിരിച്ച് ഡാമുകൾ പ്രളയത്തെ നിയന്ത്രിക്കുമെന്നാണ് അവരുടെ നിലപാട്. അതിനാൽ ഇനിയും ഡാമുകൾ ആകാമെന്നും. ഇപ്പോൾ തന്നെ ചാലക്കുടി പുഴയിൽ അഞ്ചു ഡാമുകൾ ഉണ്ടെന്ന യാഥാർത്ഥ്യം മറച്ചുവെച്ചാണ് ഈ വാദമുന്നയിക്കുന്നത്. എൽ.ഡി.എഫ് തീരുമാനം ഇപ്പോഴും ഈ പദ്ധതിക്കെതിരാണ് എന്നതും മറച്ചുവെക്കുന്നു. അതുകൊണ്ടു തന്നെയാകും സി.പി.ഐ അഖിലേന്ത്യാ നേതാവ് ബിനോയ് വിശ്വം തന്നെ സർക്കാർ നീക്കത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്. എൽ.ഡി.എഫ് ചർച്ച ചെയ്ത് ഉപേക്ഷിച്ച പദ്ധതിയാണിതെന്നും പുതിയ നീക്കത്തിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചതും അതുകൊണ്ടാണ്.
ഏതാനും വർഷം മുമ്പു വരെ പദ്ധതിയുടെ അവശ്യകതക്കായി ഉന്നയിക്കപ്പെട്ടിരുന്ന വാദം വൈദ്യുതി ക്ഷാമമായിരുന്നു. എന്നാൽ കേന്ദ്ര പൂളിൽ നിന്ന് ഇതിനേക്കാൾ കുറഞ്ഞ ചെലവിൽ ദീർഘകാലത്തേക്ക് വൈദ്യുതി ഇപ്പോൾ ലഭ്യമാണ്. അതിനാൽ തന്നെ ആ വാദവും ഇന്ന് കാലഹരണപ്പെട്ടതാണ്. വൈകിട്ട് 6 മുതൽ 10 വരെ പ്രവർത്തിപ്പിച്ച് 163 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയാണ് അതിരപ്പിള്ളിയിൽ വിഭാവനം ചെയ്തിരുന്നത്. നിർമിക്കാനുദ്ദേശിച്ചിരുന്ന അണക്കെട്ടിന്റെ ഉയരം 23 മീറ്ററും നീളം 311 മീറ്ററുമാണ്. വെള്ളത്തിനടിയിലാകുന്ന പ്രദേശത്തിന്റെ വിസ്തീർണമായ 104 ഹെക്ടറുൾപ്പെടെ മൊത്തം വനമേഖലയുടെ 138 ഹെക്ടർ സ്ഥലം ഡാം നിർമിക്കുന്നതിന് ആവശ്യമായി കണക്കാക്കിയിരുന്നു. 1982 ലാണ് പദ്ധതിക്കായി ആദ്യ രൂപരേഖ തയാറാക്കിയത്. അക്കാലയളവിൽ തന്നെ ചാലക്കുടിയിലെയും കോടാലിയിലെയും ചില വ്യക്തികളും സംഘടനകളും പദ്ധതിക്കെതിരെ രംഗത്ത് വന്നിരുന്നു. സമരങ്ങളും ആരംഭിച്ചിരുന്നു. പരിസ്ഥിതി ആഘാത പഠനമൊന്നും സമർപ്പിച്ചിട്ടില്ലാതിരുന്നതിനാൽ അന്ന് പദ്ധതി നിർദേശം തള്ളപ്പെട്ടു.
പിന്നീട് 1996 ൽ കെ.എസ്.ഇ.ബി, പദ്ധതിക്ക് പാരിസ്ഥിതിക അനുമതി തേടാൻ തീരുമാനിച്ചു. അതിനായുള്ള പഠനം തിരുവനന്തപുരത്തെ ട്രോപിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിനെ ഏൽപിച്ചു. അവർ 6 മാസം കൊണ്ട് ദ്രുതപഠനം നടത്തി റിപ്പോർട്ട് നൽകുകയായിരുന്നു. റാപ്പിഡ് സ്റ്റഡി നടത്തുന്നതിന്റെ ഗൈഡ് ലൈൻസിൽ മൺസൂൺ ഒഴികെയുള്ള സീസണുകളിൽ പഠനം നടത്താം എന്ന് വ്യക്തമായി പറയുന്നുണ്ട്. എന്നാൽ ടി.ബി.ജി.ആർ.ഐ പഠനം നടത്തിയത് മൺസൂൺ സമയത്താണ്. പുഴയുടെ വെള്ളം, വെള്ളത്തിന്റെ അളവ്, ഗുണം എന്നിവ കണക്കാക്കപ്പെട്ടിട്ടുള്ളത് ജൂലൈ മാസത്തിലെ കാലവർഷ സമയത്ത് പുഴ നിറഞ്ഞൊഴുകുമ്പോഴാണ്. ഒരു വർഷത്തെ ഹൈഡ്രോളജി റിപ്പോർട്ട് എടുക്കാൻ പോലും അവർ മെനക്കെട്ടില്ല. ഈ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ 1998 ൽ പദ്ധതിക്ക് കേന്ദ്രം നൽകിയ പാരിസ്ഥിതി അനുമതിക്കെതിരെ 2001 ൽ ചാലക്കുടി പുഴ സംരക്ഷണ സമിതി പൊതുതാൽപര്യ ഹരജി കൊടുത്തു. സ്വാഭാവികമായും ആ റിപ്പോർട്ട് കോടതിയും പൊതുജനങ്ങളും തള്ളിക്കളഞ്ഞു. കോടതി വിധിപ്രകാരം 2002 ഫെബ്രുവരി 2 ന് തൃശൂരിൽ നടന്ന ജനകീയ തെളിവെടുപ്പിൽ പങ്കെടുത്ത ഏറെക്കുറെ എല്ലാവരും പദ്ധതി നിർദേശത്തിനെതിരായിരുന്നു.
തുടർന്ന് പദ്ധതി സമഗ്ര പാരിസ്ഥിതികാഘാത പഠനത്തിന് നിർദേശിക്കപ്പെട്ടു. 2002 ൽ ഹരിയാനയിലെ വാട്ടർ പവർ കൺസൾട്ടൻസി സർവീസ് (ഇന്ത്യ) ലിമിറ്റഡ് - വാപ്‌കോസ് എന്ന സ്ഥാപനത്തെ പരിസരാഘാത പഠനം നടത്താൻ ഏൽപിച്ചു. അവർ ഒരു വർഷമെടുത്ത് റിപ്പോർട്ട് സമർപ്പിച്ചു. യഥാർത്ഥത്തിൽ വാപ്‌കോസ് അല്ല പഠനം നടത്തിയത്. അവരത് ഉപകരാർ കൊടുക്കുകയായിരുന്നു. തിരുവനന്തപുരത്തെ ഇ.ആർ.ആർ.സി (എൻവയേൺമെന്റ് റിസോഴ്‌സ് റിസർച്ച് സെന്റർ) ആണ് പഠനം നടത്തിയത്. അവർക്ക് ഇത്തരം പഠനം നടത്തുന്നതിനാവശ്യമായ സാങ്കേതിക ജ്ഞാനം ഉണ്ടായിരുന്നില്ല എന്നത് റിപ്പോർട്ട് വായിച്ച ആർക്കും മനസ്സിലാകുമായിരുന്നു. രണ്ട് വർഷം നീണ്ടുനിൽക്കുന്ന വിശദമായ പഠനം നടത്തിയെന്നാണ് ഏജൻസി അവകാശപ്പെട്ടത്. എന്നാൽ പഠനവുമായി ബന്ധപ്പെട്ട് ഏജൻസിയുടെ ഫീൽഡ് ആക്ടിവിറ്റികൾ കോടതിയിൽ ചോദ്യം ചെയ്തപ്പോൾ, രണ്ട് പേർ വീതം രണ്ട് തവണ ഫീൽഡിൽ വന്നതിന്റെ രേഖകൾ മാത്രമാണ് ഏജൻസി സമർപ്പിച്ചത്. ഏജൻസി പ്രതിനിധികൾ പദ്ധതി പ്രദേശത്ത് ചെലവഴിച്ചത് മൂന്നര ദിവസമാണെന്നും പറയുന്നു.
ഫീൽഡിൽ വരാതെ കട്ട് ആൻഡ് പേസ്റ്റ് രീതിയിൽ നടത്തിയ പഠനവും റിപ്പോർട്ടുമെന്ന രീതിയിൽ ഇതിനെ അന്നു തന്നെ പരിസ്ഥിതി പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു. 2006 ജൂൺ 15 ന് വാപ്‌കോസിന്റെ പരിസരാഘാത പഠനത്തിന്മേലുള്ള പൊതു തെളിവെടുപ്പ് ചാലക്കുടിയിൽ നടന്നു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്ന തെളിവെടുപ്പിൽ കെ.എസ.്ഇ.ബി ഒഴികെ മറ്റെല്ലാവരും പഠനത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി പദ്ധതി തള്ളിക്കളയാനാവശ്യപ്പെടുകയായിരുന്നു. പാനലിന് ലഭിച്ച 252 നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ പാനലിലെ അഞ്ചിൽ മൂന്നു പേരും പദ്ധതിക്കെതിരെ നിലപാടെടുത്തു. ചാലക്കുടി പുഴയോരത്തെ മുഴുവൻ പഞ്ചായത്തുകളും പദ്ധതിക്കെതിരെ പ്രമേയം പാസാക്കി. എന്നാൽ കെ.എസ്.ഇ.ബി പിന്തിരിയാൻ തയാറായില്ല. അവർ വീണ്ടും ശ്രമങ്ങൾ തുടർന്നു. 2005 ൽ കേന്ദ്രം വീണ്ടും പാരിസ്ഥിതികാനുമതി നൽകിയപ്പോൾ പദ്ധതി നടക്കുമെന്നായി. എന്നാൽ തുടർച്ചയായ ജനകീയ സമരവും നിയമ യുദ്ധവുമാണ് പദ്ധതി ഉപേക്ഷിക്കുന്നു എന്ന പ്രഖ്യാപനത്തിലേക്ക് സർക്കാറിനെ എത്തിച്ചത്. ഇടക്കാലത്ത് കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ് ഇക്കാര്യത്തിൽ വലിയ പങ്കു വഹിച്ചിരുന്നു.
കേരളത്തിലെ വളരെ പ്രധാനപ്പെട്ട നദികളിലൊന്നാണ് ചാലക്കുടിപ്പുഴ. പശ്ചിമഘട്ട മലനിരകളിൽനിന്ന് ഉത്ഭവിച്ച് തൃശൂർ, എറണാകുളം ജില്ലകളിലൂടെ അറബിക്കടലിൽ പതിക്കുന്ന ഈ പുഴക്ക് 144 കിലോമീറ്റർ നീളമുണ്ട്. തമിഴ്‌നാട്ടിൽ ഉൾപ്പെടുന്ന 300 ചതുരശ്ര കിലോമീറ്റർ ഉൾപ്പെടെ 1700 ചതുരശ്ര കിലോമീറ്ററാണ് പുഴയുടെ വൃഷ്ടിപ്രദേശം. പുഴയുടെ 80 ശതമാനവും മലനിരകളിലാണ്. അതിനാൽ തന്നെ ഔഷധ ഗുണമുള്ള ശുദ്ധജലത്തിനും അത്യപൂർവങ്ങളായ ജൈവ സമ്പത്തിനും മൃഗസമ്പത്തിനും മത്സ്യസമ്പത്തിനും പ്രസിദ്ധമാണ് ഈ പുഴ. ഏകദേശം 10 ലക്ഷം ജനങ്ങൾ പുഴയെ നേരിട്ട് ആശ്രയിച്ചു ജീവിക്കുന്നു. ഇരുപത്തിയേഴു പഞ്ചായത്തുകളെയും രണ്ടു മുനിസിപ്പാലിറ്റികളെയും ഈ പദ്ധതി പ്രത്യക്ഷത്തിൽ ബാധിക്കും. അതിരപ്പിള്ളി, വാഴച്ചാൽ എന്നീ പ്രകൃതി ദൃശ്യ വിസ്മയങ്ങളും ചാർപ്പ വെള്ളച്ചാട്ടവും ലോക സഞ്ചാരി ഭൂപടത്തിൽ നിന്നും തുടച്ചു മാറ്റപ്പെടും; അതുമായി ബന്ധപ്പെട്ട് ജീവിക്കുന്ന പതിനായിരങ്ങളും. കൂടാതെ പുഴയിലെയും ചുറ്റുമുള്ള കാട്ടിലെയും അഭൂതപൂർവമായ ജൈവ സമ്പത്തും എന്നന്നേക്കുമായി ഇല്ലാതാകും. പലവട്ടം കുടിയിറക്കപ്പെട്ട ആദിവാസികൾ ഇനിയും കുടിയിറക്കപ്പെടും.
പദ്ധതിക്കനുകൂലമായി എന്നും ശക്തമായി രംഗത്തു വന്നത് ഏറെക്കുറെ സി.പി.എമ്മും അവരുടെ വർഗ ബഹുജന സംഘടനകളുമാണ്. എന്നാൽ പദ്ധതി നടപ്പാക്കുന്നത് പരിസ്ഥിതി സംരക്ഷിച്ചു മാത്രമാകണമെന്ന എൽ.ഡി.എഫ് നയത്തിനു വിരുദ്ധമാണെന്ന് പാർട്ടി പി.ബി അംഗം എം. എ. ബേബി ഒരു ഘട്ടത്തിൽ പറയാൻ തയാറായി. വി.എസ്. അച്യുതാനന്ദൻ എന്നും പദ്ധതിക്കെതിരായിരുന്നു. ഇപ്പോഴും സി.പി.എം മാത്രമാണ് പദ്ധതിക്കായി നിലകൊള്ളുന്ന പ്രധാന പാർട്ടി. കെ.എസ്.ഇ. ബി എന്നും എടുത്തിട്ടുള്ള നിലപാടു തന്നെ ആവർത്തിക്കുന്നു. വൈദ്യുതി മന്ത്രി എം.എം. മണിയാകട്ടെ, ഇടക്കിടെ അതിരപ്പിള്ളി പദ്ധതി കിനാവു കാണുന്നു. എന്നാൽ ആ കിനാവ് വെറും പേക്കിനാവായി മാറുമെന്നാണ് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും മറുപടി പറയുന്നത്. കോവിഡ് കാലമായതിനാൽ ജനകീയ പ്രതിഷേധങ്ങൾ ഉണ്ടാകില്ലെന്നും ഉണ്ടായാൽ തന്നെ സുരക്ഷാ നടപടികളുടെ പേരിൽ എളുപ്പം ഇല്ലാതാക്കാമെന്നുമുള്ള ധാരണ സർക്കാർ തിരുത്തണമെന്നും അവർ ഓർമിപ്പിക്കുന്നു.