ന്യൂദല്‍ഹി- മൂന്ന് മാസമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്നുവെന്നും ഉടന്‍ കൂട്ടത്തോടെ രാജിവെക്കേണ്ടി വരുമെന്നും ദല്‍ഹിയിലെ കസ്തൂര്‍ബ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. പണമില്ലാതെ തങ്ങള്‍ക്ക് ഇനിയും ജോലിയില്‍ തുടരാനാകില്ല. ആരോഗ്യമേഖലയില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന തങ്ങള്‍ക്ക് ഇനിയെങ്കിലും ശമ്പളം കിട്ടണം. കഴിഞ്ഞ മൂന്ന് മാസമായി ശമ്പളമില്ലാതെയാണ് ജോലി ചെയ്യുന്നത്. ഇതേ സ്ഥിതിയില്‍ ഇനിയും തുടരാനാകില്ലെന്നും കുടിശിക ജൂണ്‍ 16 നകം നല്‍കിയില്ലെങ്കില്‍ കൂട്ടത്തോടെ രാജിവെക്കുമെന്നും റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.സുനില്‍ കുമാര്‍ അറിയിച്ചു.
ആശുപത്രിയിലെ പല ഡോക്ടര്‍മാര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ' ആളുകള്‍ തങ്ങളെ കൊറോണ പോരാളികള്‍ എന്നൊക്കെ പ്രശംസിക്കുന്നു. തങ്ങള്‍ക്ക് വേണ്ടി കൈയ്യടിക്കുന്നു. ബഹുമാനിക്കുന്നതൊക്കെ നല്ല കാര്യമാണ്. പക്ഷേ തങ്ങള്‍ക്ക് ശമ്പളം വേണമെന്ന കാര്യവും ആളുകളറിയണം. ദല്‍ഹിയില്‍ ഡോക്ടര്‍മാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അസോസിയേഷന്‍ ആശുപത്രി അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ടിന് കത്ത് നല്‍കിയിട്ടുണ്ട്.