മുത്തശിയോട് അമിത സ്‌നേഹം; മകനെ കുത്തിക്കൊന്ന് മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു

ജലന്ദര്‍- ആറ് വയസുള്ള മകനെ മാതാവ് കുത്തിക്കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. ജലന്ദറിലെ ഷാകോട്ട് ടൗണിലെ സൊഹല്‍ ജാഗിര്‍ ഗ്രാമത്തിലാണ് സംഭവം. കുല്‍വിന്ദര്‍ കൗര്‍ എന്ന മുപ്പതുകാരിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. തിങ്കളാഴ്ച അത്താഴത്തിന് ശേഷം കുട്ടി മുത്തശിയുടെയും മുത്തശന്റെയും അടുത്തേക്ക് പോയി.എന്നാല്‍ ഇതില്‍ ദേഷ്യം പിടിച്ച് കുല്‍വിന്ദര്‍ മകനെ സ്വന്തം മുറിയിലേക്ക് കൂട്ടിക്കൊണ്ടു വന്നശേഷം രണ്ട് തവണ അടുക്കളയിലെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.
അര്‍ഷ്പ്രീത് എന്ന കൊച്ചുമകന്റെ കരച്ചില്‍ കേട്ട് മുത്തശനും മുത്തശിയും മുറി ചവിട്ടി തുറന്നപ്പോള്‍ കുട്ടി രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു.ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇതേതുടര്‍ന്ന് കുല്‍വിന്ദര്‍ വീടിന്റെ രണ്ടാംനിലയില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു.
 
ഇവര്‍ നകോദറിലെ സിവില്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണെന്നും അപകടനില തരണം ചെയ്തതായും പോലിസ് അറിയിച്ചു.കുട്ടി തന്നേക്കാള്‍ മുത്തശിയെ സ്‌നേഹിക്കുന്നുവെന്ന തോന്നലിലാണ് യുവതി ഈ കടുംകൈ ചെയ്തതെന്ന് ഡിഎസ്പി പറഞ്ഞു. കുല്‍വിന്ദറിനെതിരെ കൊലപാതകേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

Latest News