ജയ്പുർ- രാജസ്ഥാനിലെ കോൺഗ്രസ് സർക്കാറിനെ മറിച്ചിടാൻ ബി.ജെ.പി മുന്നോട്ടുവെച്ച കോടികളുടെ ഓഫർ നിഷ്‌കരുണം നിരാകരിച്ച തന്റെ എം.എൽ.എമാരിൽ തനിക്ക് അഭിമാനമുണ്ടെന്ന് കോൺഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട്. 25 മുതൽ 30 കോടി രൂപവരെ എം.എൽ.എമാർക്ക് ബി.ജെ.പി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
സർക്കാറിനെ മറിച്ചിടാൻ കോടികൾ ജയ്പൂരിലെത്തിയെന്നും പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ആറ് ബി.എസ്.പി എം.എൽ.എമാരുടെയും 13 സ്വതന്ത്രരുടെയും പിന്തുണ കോൺഗ്രസിനുണ്ട്. പണത്തിന് വേണ്ടി അധികാരം കൈമാറാത്ത സംസ്ഥാനമാണ് രാജസ്ഥാനെന്നും അദ്ദേഹം അവകാശപ്പെട്ടു. രാജ്യ സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വാധീനിക്കാൻ ബി.ജെ.പി ശ്രമമാരംഭിച്ചതിന് പിന്നാലെ കോൺഗ്രസ് എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. ദൽഹി-ജയ്പുർ ഹൈവേയ്ക്ക് സമീപത്തുള്ള ശിവ വിലാസ് റിസോർട്ടിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്.