ന്യൂയോർക്ക്- അമേരിക്ക ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്ക പലവിധത്തിൽ മികച്ച രീതിയിൽ മുന്നോട്ടുപോകുകയാണ്. ഓരോ ആഴ്ചയിലും തൊഴിലവസരങ്ങൾ കൂടുകയാണ്. സാമ്പത്തികമായും മികച്ച ഒരു മടങ്ങിവരവ് തന്നെയാണ് നടത്തുന്നത്. ഫെഡറൽ റിസർവിൽ നിന്നും നല്ല വാർത്തകൾ വരുന്നു. എല്ലാം നല്ല രീതിയിൽ പോകുന്നുവെന്നും വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു.
അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം ഇരുപത് ലക്ഷം കടന്നിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. 2,066,401 പേർക്കാണ് യുഎസിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണം 115,130 ഉം. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1,082 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
രോഗവ്യാപനം നിയന്ത്രിക്കാൻ ഇതുവരെ അമേരിക്കക്ക് കഴിഞ്ഞിട്ടില്ല. കോവിഡ് ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളിലൊന്ന് കൂടിയാണ് അമേരിക്ക.






