നെടുമ്പാശ്ശേരി - വന്ദേ ഭാരത് മിഷന്റെ ഭാഗമായിട്ടുള്ള മൂന്നാം ഘട്ടം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിച്ചു. ഇന്ന് കുവൈത്തിൽ നിന്ന് മാത്രം നാല് വിമാനങ്ങൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. അൽജസീറ എയർലൈൻസിന്റ രണ്ട് വിമാനങ്ങളും ഗോ എയർ എയർലൈൻസ്, കുവൈത്ത് എയർലൈൻസ് എന്നിവയുടെ ഓരോ വിമാനമാണ് ഇന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുക. കുവൈത്തിൽ നിന്നും വരുന്ന നാല് വിമാനങ്ങളിൽ നിന്ന് 820 പ്രവാസികൾ എത്തിച്ചേരും.
ഇതിന് പുറമെ അബുദാബിയിൽ നിന്ന് സ്‌പൈസ്ജറ്റ് എയർലൈൻസും സിംഗപ്പൂരിൽ നിന്നും എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനവും ദമാമിൽ നിന്നും എയർ ഇന്ത്യ വിമാനവും എത്തും. ഇന്നലെ പ്രവാസികളുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ചാർട്ടർ ചെയ്തിരുന്ന ഷാർജയിൽ നിന്നുള്ള ഇൻഡിഗോ എയർലൈൻസ് വിമാനവും ദമാമിൽ നിന്നുള്ള ഗൾഫ് എയർ എയർലൈൻസ് വിമാനാവും റദ്ദാക്കി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്ന മറ്റ് വിമാനങ്ങളിലായി 1320 പ്രവാസികളാണ് എത്തിയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പതിനൊന്ന് ആഭ്യന്തര വിമാനങ്ങളിലായി 711 യാത്രക്കാർ വരികയും 13 വിമാനങ്ങളിലായി 555 യാത്രക്കാർ പുറപ്പെടുകയും ചെയ്തു. വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടം അവസാനിച്ചപ്പോൾ കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ 12,700 പ്രവാസികളെ സ്വീകരിച്ചതായി വിമാനത്താവള ഡയറക്ടർ എ.സി.കെ. നായർ പറഞ്ഞു.
വിവിധ രാജ്യങ്ങളിൽ നിന്നായി 83 വിമാനങ്ങളാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയത്. ഇതിൽ ചാർട്ടർ വിമാനങ്ങളും സ്വകാര്യ വിമാനങ്ങളും ഉണ്ടായിരുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 24 മണിക്കൂറും വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ സീകരിക്കാൻ സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.