Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് അനുമതി; ഉത്തരവിനെതിരെ പ്രതിഷേധം വ്യാപകം

തിരുവനന്തപുരം - കോവിഡ്19 ന്റെ മറവിൽ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് സർക്കാർ എൻ.ഒ.സി കൊടുത്തുകൊണ്ടുള്ള ഉത്തരവിറക്കിയതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. പ്രമുഖ രാഷ്ട്രീയ പാർട്ടികളൊക്കെ സർക്കാർ നടപടിക്കെതിരെ രംഗത്തു വന്നു. ഈ ഉത്തരവ് സർക്കാർ പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വൻ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുകയും പ്രകൃതിയുടെ വരദാനമായ അതിമനോഹരമായ വെള്ളച്ചാട്ടത്തെ നശിപ്പിക്കുകയും ചെയ്യുന്ന ഈ പദ്ധതിക്ക് എൻ.ഒ.സി കൊടുത്തത് തലമുറകളോട് കാട്ടിയ പാതകമാണ്.
കോവിഡിന്റെ മറവിൽ എന്ത്   തോന്നിയവാസവും സംസ്ഥാനത്ത് നടത്താമെന്ന അധികാരികളുടെ മനോഭാവത്തിന്റെ അവസാനത്തെ ഉദാഹരണമാണിത്. സമാവായത്തിലൂടെ മാത്രമേ പദ്ധതി നടപ്പാക്കുകയുള്ളൂ എന്ന് നിയമസഭയിൽ  വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞതാണ്.  എന്നിട്ടും ഏകപക്ഷീയമായി  പദ്ധതി നടപ്പാക്കാൻ സർക്കാർ നീങ്ങുന്നത്  ജനവഞ്ചനയാണ്. അതിനെതിരെ ശക്തമായ പ്രക്ഷോഭം യു.ഡി.എഫിന്റെ ഭാഗത്ത് നിന്നുണ്ടാകും. 
കഴിഞ്ഞ വർഷങ്ങളിൽ  രണ്ട് പ്രളയമാണ് നമ്മൾ നേരിട്ടത്. അതിന്റെ ആഘാതത്തിൽ നിന്ന്  കേരളം  ഇതുവരെ മോചിതമായിട്ടില്ല. അതോടൊപ്പം   കാലാവസ്ഥാ  വ്യതിയാനത്തിന്റെ പ്രശ്‌നങ്ങളും നമ്മളെ തുറിച്ചു നോക്കുന്നു.  ഈ അവസരത്തിൽ പരിസ്ഥിതിക്ക് പോറലു പോലുമുണ്ടാക്കുന്ന ഒന്നിനെക്കുറിച്ചും കേരളത്തിന് ചിന്തിക്കാൻ പറ്റില്ല. പദ്ധതി നടപ്പായാൽ 140 ഹെക്ടർ വനഭൂമിയാണ് നഷ്ടപ്പെടുക. അപൂർവമായ പക്ഷിമൃഗാദികളും മത്സ്യങ്ങളും  സസ്യസമ്പത്തുമടങ്ങുന്ന ജൈവവൈവിധ്യം അപ്പാടെ നഷ്ടമാവും. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടും കസ്തൂരി രംഗൻ റിപ്പോർട്ടും ഈ പദ്ധതിയുടെ ആപത്ത് ചൂണ്ടിക്കാണിച്ചു തന്നിട്ടുണ്ട്.
കേരളത്തിൽ വൻ പാരിസ്ഥിതിക ദുരന്തത്തിന് വഴി വെക്കുന്ന ഈ പദ്ധതി ലാഭകരവുമല്ല. 163 മെഗാവാട്ട് ശേഷിയുള്ള ഈ പദ്ധതിക്ക് 300 കോടി രൂപയാണ് തുടക്കത്തിൽ ചെലവ് പ്രതീക്ഷിച്ചതെങ്കിലും ഇപ്പോൾ 1500-2000 കോടി വേണ്ടിവരും. പദ്ധതിയിൽ നിന്ന് ശരാശരി 200 ദശലക്ഷം വൈദ്യുതി മാത്രമാണ് ലഭിക്കുക. ഇതിന് യൂനിറ്റിന് 15 രൂപയെങ്കിലുമാകും.
ലഭ്യമായ  കണക്കനുസരിച്ച് 500 ദശലക്ഷം ഘനമീറ്റർ വെള്ളം മാത്രമേ പദ്ധതിക്കായി ലഭിക്കുകയുള്ളൂ. വൈദ്യുത നിലയം വെറും 12 ശതമാനം സമയം മാത്രം പ്രവർത്തിപ്പിക്കാനേ ഇത് തികയൂ. കേന്ദ്ര സർക്കാറിന്റെ മാർഗ രേഖ അനുസരിച്ച് 30 ശതമാനം സമയമെങ്കിലും പ്രവർത്തിക്കണം. അതിരപ്പിള്ളി വനമേഖലയിലെ ഗോത്രവർഗമായ കാടർ ഇവിടെനിന്നും  പുറത്താക്കപ്പെടും. ഇത് മനുഷ്യാവകാശ പ്രശ്നങ്ങളിലേക്കു വഴി തെളിക്കും. കുടിവെളളം, ജലസേചനം എന്നിവക്കായി ചാലക്കുടി പുഴയെ ആശ്രയിക്കുന്ന അഞ്ച് ലക്ഷം ജനങ്ങളും പത്തൊമ്പത് പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലറ്റികളുമുണ്ട്. പദ്ധതി കുടിവെള്ള ജലസേചന സൗകര്യങ്ങൾ ഇല്ലാതാക്കും.
കേരളത്തിന്റെ നിലവിലുള്ള വൈദ്യുത പ്രശ്നങ്ങൾക്ക് ഒരു പരിഹാരവുമല്ല അതിരപ്പിള്ളി പദ്ധതി. മാത്രമല്ല, സംസ്ഥാനത്തിന് കനത്ത സാമ്പത്തിക ബാധ്യതയും പ്രകൃതി നാശവും ഉണ്ടാക്കുകയും ചെയ്യും. അതിരപ്പിള്ളിയലെ ജനങ്ങൾ മാത്രമല്ല, കേരളം ഒറ്റെക്കട്ടായി തന്നെ ഈ പദ്ധതിക്കെതിരെ അണിനിരക്കുമെന്നും യു ഡി എഫ് ഈ പദ്ധതി നടപ്പാക്കാൻ  ഒരിക്കലും അനുവദിക്കില്ലെന്നും  രമേശ് ചെന്നിത്തല പറഞ്ഞു.

 

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ

ധിറുതിപിടിച്ച് വീണ്ടും അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് തിരുവനന്തപുരത്ത് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.
പ്രകൃതിയെ ചൂഷണം ചെയ്യുകയാണ് കണ്ണൂർ ലോബി. അതിന് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയുമാണ്. സി.പി.എമ്മിന്റെ പ്രകൃതി സ്നേഹം വെറും കാപട്യമാണ്. ഒരിക്കൽ ഉപേക്ഷിച്ചെന്ന് നിയമസഭിൽ പറഞ്ഞ പദ്ധതിയാണ് ഇപ്പോൾ പൊടിതട്ടിപ്പുറത്തെടുത്തത്.  ഇത് കോൺട്രാക്ടർമാരുടെ താൽപര്യം സംരക്ഷിക്കാനും കോടികൾ തട്ടിയെടുക്കാനുമാണ്. മുഖ്യമന്ത്രിയെന്ന ഏകാധിപതിക്ക് മുന്നിൽ സി.പി.എം മുട്ടുമടക്കി. സി.പി.എമ്മിന് ഇതു പോലെ അപചയം സംഭവിച്ച കാലഘട്ടം ഉണ്ടായിട്ടില്ല. നാടിന്റെ ഘാതകനാണ് മുഖ്യമന്ത്രിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് അതിരപ്പിള്ളി. സസ്യജാലങ്ങളുടെയും മൃഗങ്ങളുടെയും പക്ഷികളുടെയും അപൂർവ സസ്യജാലങ്ങളുടെയും ആവാസ ഭൂമിയാണിത്. പ്രകൃതി സ്നേഹികളും പരിസ്ഥിതിവാദികളും എന്തുകൊണ്ട് പ്രതികരിക്കുന്നില്ല. സുഗതകുമാരി ടീച്ചറുടെ ഒറ്റപ്പെട്ട ശബ്ദം മാത്രമാണ് ഉയർന്നു കേട്ടത്. ഇത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. 

 

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ 
പരിസ്ഥിതിക്കും മനുഷ്യന്റെയും ജൈവ വൈവിധ്യത്തിന്റെയും നിലനിൽപിനും ഭീഷണിയായ അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പിലാക്കാൻ ഇടത് സർക്കാർ ശ്രമിക്കുന്നത് സർക്കാറിന്റെ അവസാന വർഷത്തിൽ പണമുണ്ടാക്കാൻ അഴിമതി ലക്ഷ്യമിട്ടാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ ലാവ്‌ലിൻ ഭൂതം വിട്ടു പോയിട്ടില്ല. പദ്ധതി നടപ്പാക്കാൻ  അനുവദിക്കില്ലെന്ന്  അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കൊറോണ രോഗ വ്യാപനത്തിന്റെ പ്രതിസന്ധിക്കാലത്ത് പദ്ധതിക്ക് അനുമതി നൽകിയത് അഴിമതിക്കാണെന്ന് വ്യക്തം. വനാവകാശ നിയമമുൾപ്പെടെ ലംഘിച്ചുകൊണ്ടാണ് സർക്കാറിന്റെ നീക്കം. വനവാസികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം

അതിരപ്പിള്ളി കേന്ദ്രാനുമതിക്കുള്ള നടപടികൾക്കായി സർക്കാർ കെ.എസ്.ഇ.ബിക്ക് എൻ.ഒ.സി നൽകിയത് വാഗ്ദാന ലംഘനവും വഞ്ചനയുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. പരിസ്ഥിതി പ്രവർത്തകരുടെയും വെൽഫെയർ പാർട്ടി അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെയും ഭരണ മുന്നണിയിൽ പെട്ട സി.പി.ഐയുടെയും എതിർപ്പിനെ തുടർന്ന് പദ്ധതിയിൽനിന്ന് പിന്മാറുകയാണെന്ന് 2018 ജൂലൈയിൽ വൈദ്യുതി മന്ത്രി എം.എം. മണി നിയമസഭയിൽ അറിയിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് ഇറക്കാതിരുന്ന സർക്കാർ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. അതുകൊണ്ട് പദ്ധതിയുമായി കെ.എസ്.ഇ.ബി മുന്നോട്ട് പോകുകയാണ്. 2017 ൽ അവസാനിച്ച കേന്ദ്ര അനുമതി വീണ്ടും ലഭിക്കാൻ കെ.എസ്.ഇ.ബിക്ക് കേരള സർക്കാറിന്റെ എൻ.ഒ.സി ആവശ്യമാണ്. അതാണിപ്പോൾ സർക്കാർ നൽകിയത്. 

പദ്ധതി നടപ്പാക്കിയാൽ 200 ഹെക്ടർ വനം സമ്പൂർണമായി നശിക്കുകയും ജൈവിക വ്യവസ്ഥ തകിടം മറിയുകയും ചെയ്യും. പ്രളയമടക്കം വൻ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ നേരിടുന്ന കേരളത്തിന് ഇനിയും വലിയ ആഘാതമായിരിക്കും പദ്ധതി നൽകുക. പദ്ധതിയിൽനിന്ന് ഇടതു സർക്കാർ പിൻമാറിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച് പദ്ധതിയെ പ്രതിരോധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

 

Latest News