ഏഴുവയസുകാരനെ പീഡിപ്പിച്ച തമിഴ്‌നാട് സ്വദേശി പിടിയിൽ

തളിപ്പറമ്പ് -ഏഴു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ തമിഴ്‌നാട് സ്വദേശിയെ റിമാൻഡു ചെയ്തു. തമിഴ്‌നാട് സ്വദേശി വേലു സ്വാമി(41) യെയാണ് തളിപ്പറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡു ചെയ്തത്. കഴിഞ്ഞ ദിവസമാണ് പ്രതി പിടിയിലായത്. ഇയാൾ കുട്ടിയുടെ വീടിന് അടുത്തായി താമസിച്ച് ജോലി ചെയ്തു വരികയായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഏഴ് വയസുകാരൻ പ്രകൃതി വിരുദ്ധ പീഡനത്തിനിരയായതെന്നാണ് വീട്ടുകാർ പറയുന്നത്. പുറത്തേക്ക് പോയ മകൻ തിരികെ വന്നപ്പോൾ വസ്ത്രത്തിൽ രക്തക്കറ കണ്ടതായും തുടർന്ന് കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം അറിഞ്ഞതെന്നും മാതാവ് പറയുന്നു.
കുട്ടി ലൈംഗീക പീഡനത്തിന് ഇരയായതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ചൈൽഡ്‌ലൈൻ പ്രവർത്തകരുടെ കൗൺസിലിംഗിന് ശേഷമാണ് പീഡനത്തിന്റെ വിശദവിവരം കുട്ടി വെളിപ്പെടുത്തിയത്. നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. പീഢനവുമായി ബന്ധപ്പെട്ട റിപ്പോർട്ട് വന്ന ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്. പോക്‌സോ വകുപ്പനുസരിച്ചാണ് കേസെടുത്തത്.

 

Latest News