കോട്ടയം - ഭർത്താവുമായി പിണങ്ങി വീടുവിട്ട യുവതിയുടെയും നാലുവയസുകാരന്റെയും മൃതദേഹം കണ്ടെത്തി. നീണ്ടൂർ ഓണംതുരുത്ത് ചന്ദ്രവിലാസം ചന്ദ്രബാബുവിന്റെ ഭാര്യ രഞ്ജി (36),മകൻ ശ്രീനന്ദ് (4) എന്നിവരുടെ മൃതദേഹങ്ങളാണ് നീണ്ടൂരിലെ വീടിന് സമീപമുളള കുളത്തിൽ കണ്ടെത്തിയത്. ഇരുവരെയും കാണാനില്ലെന്ന് കണ്ടതോടെ ഏറ്റുമാനൂർ പോലീസ് നേതൃത്വത്തിൽ വീടിനു സമീപത്തെ കുളത്തിലും മറ്റു താഴ്ചയുള്ള സ്ഥലങ്ങളിലും തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് ഒരു ഉച്ചയ്ക്ക്് മണിയോടെ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടങ്ങി. ഭർതൃ വീട്ടിലെ പീഡനമാണോ അതോ മറ്റെന്തെങ്കിലുമാണോ മരണകാരണമെന്നാണ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസം ചന്ദ്രബാബുവും ഭാര്യയും തമ്മിൽ വാക്കു തർക്കം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.മദ്യപിച്ച ശേഷം വഴക്കു കൂടുക പതിവായിരുന്നു. ഒരു സ്വകാര്യ ചിട്ടികമ്പനിയിലെ പിരിവുകാരനായിരുന്നു ചന്ദ്രബാബു.ചൊവ്വാഴ്ച രാത്രി വൈകും വരെ വസതിയിലുണ്ടായിരുന്നുവെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്്. എന്നാൽ ഇന്നലെ രാവിലെ എഴുന്നേറ്റ് നോക്കിയപ്പോൾ കണ്ടില്ല. അതേസമയം ചൊവ്വാഴ്ച രാത്രി 11 മണി മുതൽ ഇരുവരെയും കാണാനില്ലെന്നാണ് പോലീസിന് ലഭിച്ച സൂചനകൾ. യുവതിയും ഭർത്താവും കുഞ്ഞു ഭർത്താവിന്റെ മാതാപിതാക്കളും ഒന്നിച്ച് ഒരു വീട്ടിലാണ് താമസം. കുട്ടിയെയും യുവതിയെയും കാണാനില്ലെന്ന് കണ്ടതോടെ ഭർത്താവും കുടുംബവും അടുത്ത് തന്നെയുള്ള യുവതിയുടെ വീട്ടിൽ എത്തി. ഇവിടെയും ഇല്ലെന്ന് കണ്ടതോടെ യുവതിയുടെ അച്ഛനൊപ്പം ഏറ്റുമാനൂർ പോലീസിൽ പരാതി നൽകിയത്. തുടർന്നാണ് പോലീസ് തെരച്ചിൽ ആരംഭിച്ചതും മൃതദേഹം കണ്ടെത്തിയതും. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പതിനൊന്ന് വർഷം മുൻപാണ് അയൽവാസികളായ ചന്ദ്രബാബുവും രഞ്ചിയും വിവാഹിതരായത്. മദ്യപിച്ച ശേഷം ചന്ദ്രബാബു ഭാര്യയോട് വഴക്കിടുകയും മർദിക്കുകയും ചെയ്യുമായിരുന്നുവത്രെ. ഭർതൃ വീട്ടുകാരും രഞ്ജിയോട് ക്രൂരമായാണ് പെരുമാറിയിരുന്നത്രെ.