ഇടുക്കി-ഇതര സംസ്ഥാന തൊഴിലാളിയുടെ അഞ്ചുവയസുകാരിയായ മകളെ ഉപദ്രവിക്കാൻ ശ്രമിച്ചയാൾ, പോലീസിൽ പരാതി നൽകിയതറിഞ്ഞ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ചേറ്റുകുഴി പുത്തൻവീട്ടിൽ പി.ജെ. സണ്ണി(62) യാണ് തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്. ചേറ്റുകുഴിയിൽ താമസിക്കുന്ന രാജസ്ഥാൻ സ്വദേശിയുടെ മകളെയാണ് ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചത്. വിവരമറിഞ്ഞ പിതാവ് വണ്ടൻമേട് സ്റ്റേഷനിലെത്തി പരാതി നൽകി. പോലീസ് കസ്റ്റഡിയിലെടുക്കാൻ വീട്ടിലെത്തിയപ്പോൾ സണ്ണി വിഷം ഉള്ളിൽ ചെന്ന നിലയിൽ ഗുരുതരാവസ്ഥയിൽ കിടക്കുകയായിരുന്നു. ഉടൻ വീട്ടുകാരുടെ സഹായത്തോടെ പുറ്റടി സർക്കാർ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം തൂക്കുപാലത്തെ ആശുപത്രിയിലേക്കു മാറ്റി. ഇയാൾ പോലീസ് നിരീക്ഷണത്തിലാണ്. ദ്വിഭാഷിയുടെ സഹായത്തോടെ കുട്ടികളുടെ മാതാപിതാക്കളിൽ നിന്നു പോലീസ് മൊഴിയെടുത്തു. സണ്ണിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കും.






