Sorry, you need to enable JavaScript to visit this website.

നീരവ് മോഡിയുടേയും ചോക്‌സിയുടേയും 1350 കോടിയുടെ ആഭരണങ്ങള്‍ ഇന്ത്യയിലെത്തിച്ചു

ന്യൂദല്‍ഹി- പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ നീരവ് മോഡി, മെഹുല്‍ ചോക്‌സി എന്നിവരുടെ 1,350 കോടി രൂപ വിലമതിക്കുന്ന അമൂല്യവസ്തുക്കള്‍ തിരികെ എത്തിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. 2,300 കിലോ ഗ്രാം വരുന്ന വസ്തുക്കളാണ് ഹോങ്കോംഗില്‍നിന്ന് ഇന്ത്യയിലെത്തിച്ചത്.
വജ്രങ്ങള്‍, രത്‌നങ്ങള്‍, രത്‌നാഭരണങ്ങള്‍ തുടങ്ങിയ വിലയേറിയ വസ്തുക്കള്‍ ഹോങ്കോംഗിലെ ഒരു കമ്പനിയുടെ ഗോഡൗണിലാണ് സൂക്ഷിച്ചിരുന്നതെന്നും ഇവയാണ് ഇന്നലെ മുംബൈയില്‍ എത്തിച്ചതെന്നും ഇ.ഡി വെളിപ്പെടുത്തി.  ഇതില്‍ വലിയൊരു ഭാഗം മെഹുല്‍ ചോക്‌സിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇവരുടെ വസ്തുവകകള്‍ പിടിച്ചെടുത്തതെന്ന് ഇ.ഡി അധികൃതര്‍ വ്യക്തമാക്കി. ഇരുവരുടെയും വിലയേറിയ വസ്തുക്കള്‍ നേരത്തെയും ഹോങ്കോംഗില്‍നിന്നും ദുബായില്‍നിന്നും ഇവരുടെ പിടിച്ചെടുത്ത് ഇന്ത്യയിലെത്തിച്ചിരുന്നു. 137 കോടിയുടെ വസ്തുക്കളാണ് ഇങ്ങനെ നാട്ടിലെത്തിച്ചത്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 23,780 കോടി തട്ടിയെടുത്ത കേസിലെ പ്രതിയായ നീരവ് മോഡി ബ്രിട്ടീഷ് ജയിലിലും മെഹുല്‍ ചോക്‌സി ആന്റിഗ്വയിലാണുള്ളത്.

 

Latest News