Sorry, you need to enable JavaScript to visit this website.

എണ്ണ വിപണിയിലെ സ്ഥിരതക്ക് കൂട്ടായ പങ്കാളിത്തം ആവശ്യം -മന്ത്രി

റിയാദ്- ആഗോള എണ്ണ വിപണിയുടെ സ്ഥിരതക്കും എണ്ണ വിലയിടിച്ചിൽ തടയാനും മുഴുവൻ എണ്ണയുൽപാദക രാജ്യങ്ങളുടെയും പങ്കാളിത്തവും കൂട്ടായ ശ്രമങ്ങളും ആവശ്യമാണെന്ന് സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. അൾജീരിയൻ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിദിന എണ്ണയുൽപാദനം 96 ലക്ഷം ബാരൽ തോതിൽ കുറക്കാനുള്ള കരാർ ജൂലൈ അവസാനം വരെ ദീർഘിപ്പിക്കുന്ന കാര്യത്തിൽ കഴിഞ്ഞ ശനിയാഴ്ച ചേർന്ന ഒപെക് പ്ലസ് ഗ്രൂപ്പ് യോഗത്തിൽ ധാരണയിലെത്തിച്ചേരുന്നതിൽ സൗദി അറേബ്യയുടെയും റഷ്യയുടെയും കാഴ്ചപ്പാടുകളിലെ സമാനത അനുകൂല ഫലം ചെലുത്തി.


പുതിയ ധാരണ ആഗോള എണ്ണ വിപണിയിൽ അനുകൂല ഫലങ്ങളുണ്ടാക്കും. ഉൽപാദനം കുറക്കാനുള്ള മുൻധാരണ തങ്ങൾ പാലിച്ചിരുന്നില്ലെന്ന് ചില അംഗങ്ങൾ കഴിഞ്ഞ യോഗത്തിൽ തുറന്ന് സമ്മതിച്ചു. വരും ദിവസങ്ങളിൽ ഉൽപാദനം കുറക്കാനുള്ള പ്രതിജ്ഞാബദ്ധതയും ആഗ്രഹവും ഈ രാജ്യങ്ങൾ യോഗത്തിൽ പ്രകടിപ്പിക്കുകയും ചെയ്തു. ഉൽപാദനം വെട്ടിക്കുറക്കാനുള്ള കരാറുകളുടെ രാഷ്ട്രീയവൽക്കരണം അവസാനിപ്പിക്കാൻ തങ്ങൾ ശ്രമിച്ചുവരികയാണ്. ഓരോ രാജ്യങ്ങളുടെയും സാഹചര്യങ്ങൾ തങ്ങൾ മനസ്സിലാക്കുന്നു. സംയുക്ത പങ്കാളിത്തത്തിലും സംഘടനക്കകത്ത് പരസ്പര വിശ്വാസം ശക്തിപ്പെടുത്തുന്നതിലും മുൻകാല അനുഭവങ്ങൾ പ്രയോജനപ്പെടുത്താനും ശ്രമിക്കുന്നുണ്ട്. 


എണ്ണ വിപണിയുടെ സ്ഥിരതക്ക് പൊതുസമ്മതമായ പോംവഴികൾ കണ്ടെത്താൻ ഉൽപാദകർക്കിടയിൽ രഞ്ജിപ്പുണ്ടാക്കുന്നതിൽ അൾജീരിയ വഹിച്ച പങ്ക് പ്രശംസനീയമാണ്. ഊർജ മേഖലയുമായി ബന്ധപ്പെട്ട് അൾജീരിയയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ സൗദി അറേബ്യ ആഗ്രഹിക്കുന്നുണ്ട്. സൗദി അറേബ്യയും അൾജീരിയയും തമ്മിലുള്ള സഹകരണം ഒപെക്കിനകത്തെ അസ്ഥിവാരങ്ങളിൽ ഒന്നാണെന്നും സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
 

Latest News